എഡിറ്റര്‍
എഡിറ്റര്‍
ഒഞ്ചിയത്ത് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.ഐ.എം ആക്രമണം: രണ്ടുപേര്‍ക്ക് പരുക്ക്
എഡിറ്റര്‍
Wednesday 26th April 2017 1:19pm

ഒഞ്ചിയം: ഒഞ്ചിയത്ത് ആര്‍.എം.പിക്കെതിരെ സി.പി.ഐ.എം അക്രമം. ആര്‍.എം.പി സ്ഥാപിച്ച ടി.പി രക്തസാക്ഷി ദിനാചരണത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും രണ്ട് ആര്‍.എം.പി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ കുന്നുമ്മക്കര ഇളമ്പങ്കോട് ശിവക്ഷേത്രത്തിനു സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ആര്‍.എം.പി പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. കുന്നുമ്മക്കര പാലയാട്ടുകുനി വിഷ്ണുവും സുഹൃത്ത് ഗണേശനുമാണ് ആക്രമണത്തിന് ഇരയായത്.


Also Read: മോദി തരംഗമല്ല; വോട്ടിങ് മെഷീന്‍ അട്ടിമറി തന്നെ; ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആദം ആദ്മി പാര്‍ട്ടി 


ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചു മടങ്ങവെ ഏഴോളം പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിഷ്ണു ഡൂള്‍ന്യൂസിനോടു പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്നും പ്രതികളെ കണ്ടാലറിയാമെന്നും വിഷ്ണു വ്യക്തമാക്കി.

വിഷ്ണുവിന്റെ കാലില്‍ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തോളില്‍ മര്‍ദ്ദിക്കുകയുമായിരുന്നു. വിഷ്ണു ഇപ്പോള്‍ വടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം സംബന്ധിച്ച് എടച്ചേരി പോലീസ് കേസെടുത്തു.

ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരിയിലും പരിസരപ്രദേശങ്ങളിലും ആര്‍.എം.പി സ്ഥാപിച്ച പോസ്റ്ററുകളും കഴിഞ്ഞദിവസം നശിപ്പിക്കപ്പെട്ടു. വെള്ളികുളങ്ങര മുതല്‍ ഓര്‍ക്കാട്ടേരി വരെ സ്ഥാപിച്ച ഫ്‌ളക്‌സ് പോര്‍ഡുകളാണ് നശിപ്പിച്ചത്.

ഡി.വൈ.എഫ്.ഐ ആണ് ഇതിനു പിന്നിലെന്ന് ആര്‍.എം.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരിയില്‍ ഇന്ന് ആര്‍.എം.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നുവൈകുന്നേരം ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധ പ്രകടനം നടക്കും. കഴിഞ്ഞദിവസമാണ് പോസ്റ്ററുകള്‍ നശിപ്പിച്ചത്.

Advertisement