കമ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്; ഇ.പി ജയരാജനെതിരായ ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കെതിരെ സി.പി.ഐ.എം
Kerala News
കമ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്; ഇ.പി ജയരാജനെതിരായ ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കെതിരെ സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 8:28 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ബിനീഷ് കോടിയേരിയ്ക്ക് പങ്കുണ്ടെന്ന് സംശയം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

സി.പി.ഐ.എം നേതൃത്വത്തെ ആക്രമിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന് വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ് ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വാര്‍ത്തയെ തുടര്‍ന്ന് ഇ.പി ജയരാജന്‍ പാര്‍ട്ടിക്ക് പരാതി കൊടുക്കുമെന്നും കോടിയേരി – ഇ.പി തര്‍ക്കം രൂക്ഷമായേക്കുമെന്നും പോളിറ്റ് ബ്യുറോയ്ക്ക് മുന്നിലേക്ക് വരെ പ്രശ്നം എത്തുമെന്നും ഭാവനയില്‍ കണ്ടെത്തി അത് വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത് മാധ്യമ മര്യാദയുടെ ലംഘനമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തലമാറ്റി വച്ച് കൃത്രിമ ചിത്രം ഉണ്ടാക്കി പാര്‍ട്ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്ടലാക്കാണ് ഈ വാര്‍ത്താ നിര്‍മിതിക്കുമെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

കമ്യുണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുതെന്നും ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും സി.പി.ഐ.എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത്തരം ദുഷ്പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ കുറിച്ചും ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നതിനിടെ പാര്‍ട്ടിക്ക് മുന്നില്‍ പരാതി ഉന്നയിക്കാനൊരുങ്ങി ഇ.പി ജയരാജന്‍ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത.

ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ ഉന്നയിക്കുന്ന പരാതിയെന്നായിരുന്നു റിപ്പോര്‍ട്ട്.

വാര്‍ത്ത വ്യാപകമായതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജവാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരാമര്‍ശിച്ചു നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത. എല്‍.ഡി.എഫ് ഗവണ്‍മെന്റിനെയും സി.പി.ഐ.എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്’, ജയരാജന്‍ പറഞ്ഞു.

ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും. ‘കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി’ പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത.

ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ലെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സി.പി.ഐ.എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി.പി.ഐ.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണ്ണരൂപം

 

സിപിഐ എം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന് വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ് ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണ്. ‘ഇ പി ജയരാജന്‍ പാര്‍ടിക്ക് പരാതി കൊടുക്കും, കോടിയേരി – ഇ പി തര്‍ക്കം രൂക്ഷമായേക്കും, പോളിറ്റ് ബ്യുറോയ്ക്ക് മുന്നിലേക്ക് വരെ പ്രശ്നം എത്തും’ എന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത് വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത് മാധ്യമ മര്യാദയുടെ ലംഘനമാണ്. തലമാറ്റി വച്ച് കൃത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്ടലാക്കാണ് ഈ വാര്‍ത്താ നിര്‍മിതിക്കും. കമ്മ്യുണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണം. ഇത്തരം ദുഷ്പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യും.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  CPIM aganist asianet news