കിളിമാനൂരില്‍ ദളിത് കുടുംബത്തിന് നേരെ ക്രൂരമായ മര്‍ദനം; പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെന്ന് ആരോപണം
ന്യൂസ് ഡെസ്‌ക്

കിളിമാനൂരില്‍ ദളിത് കുടുംബത്തിന് നേരെ ക്രൂരമായ മര്‍ദനം. പ്രദേശവാസികളായ സി.പി.എം പ്രവര്‍ത്തകരാലാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. സ്ത്രീകളും കുട്ടികളുമടക്കം വീട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കിളിമാനൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളെ ആക്രമിച്ചവരുടെ പേരുവിവരങ്ങളടക്കം പൊലീസിന് പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

കിളിമാനൂര്‍ കാട്ടുമ്പുറം മൂര്‍ത്തിക്കാവ് സ്വദേശികളായ സരസ്വതി-പ്രകാശന്‍ ദമ്പതികളുടെ മകന്‍ തമ്പുരുവിനെ പ്രദേശവാസികളായ അഞ്ച് പേര്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. മാനസ്സികാസ്വാസ്ഥ്യമുള്ള തമ്പുരു വീടിനടുത്തുള്ള 12 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുകയും അതിനോട് ചേര്‍ന്ന് ഒരു ഷെഡ് വെച്ച് താമസിക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 7 ന് പ്രദേശവാസികളായ അഞ്ച് പേര്‍ മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തമ്പുരുവിനെ അകാരണമായി മര്‍ദിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ആക്രമിക്കപ്പെട്ട കുടുബം പറയുന്നു.

സംഭവമറിഞ്ഞ് പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റ് ചോരയൊലിച്ച് നിന്ന കുടുംബാംഗങ്ങളെ ആശുപത്രിയിലെത്തിക്കാനോ അക്രമികളെ കസ്റ്റഡിയിലെടുക്കാനോ പൊലീസുകാര്‍ തയ്യാറായില്ല എന്നും പകരം ഗുരുതരമായി പരിക്കേറ്റ തമ്പുരുവിനെ കസ്റ്റഡിയിലെടുക്കാനാണ് അവര്‍ ശ്രമിച്ചത്്. എന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തില്‍ എസ്.സി.എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന വിവരം