ജിതിന്‍ ടി പി
ജിതിന്‍ ടി പി
Focus on Politics
സി.പി.ഐ പിന്തുണ ബി.ജെ.പിയ്ക്ക്, സി.പി.ഐ.എം വോട്ട് അസാധു; എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം ബി.ജെ.പിയ്ക്ക്
ജിതിന്‍ ടി പി
Tuesday 13th March 2018 8:11pm

തൃശ്ശൂര്‍: എടവിലങ്ങ് പഞ്ചായത്തില്‍ സി.പി.ഐ പിന്തുണയോടെ ബി.ജെ.പിയ്ക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം. 14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിനാണ് ഭൂരിപക്ഷമുള്ളത്. 7 സീറ്റാണ് എടവിലങ്ങ് എല്‍.ഡി.എഫിനുള്ളത്.

നാലു സീറ്റ് ബി.ജെ.പിയ്ക്കും 3 സീറ്റ് യു.ഡി.എഫിനുമാണ്. ധാരണപ്രകാരം സി.പി.ഐ രണ്ടര വര്‍ഷവും ബാക്കി വര്‍ഷം സി.പി.ഐ.എമ്മുമാണ് പ്രസിഡണ്ട് സ്ഥാനം വഹിക്കേണ്ടത്.

സജിത അമ്പാടി

അതുപ്രകാരം ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് വൈസ് പ്രസിഡണ്ട് സ്ഥാനം എല്‍.ഡി.എഫിന് നഷ്ടമായത്. സി.പി.ഐ.എമ്മിന് നാല് സീറ്റ്, സി.പി.ഐയ്ക്ക് മൂന്നുസീറ്റ് എന്നിങ്ങനെയാണ് എല്‍.ഡി.എഫിലെ കക്ഷിനില.


Also Read: പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സി.പി.ഐ സ്വീകരണം നല്‍കി


 

എല്‍.ഡി.എഫിലെ രണ്ടംഗങ്ങളുടെ വോട്ട് അസാധുവാകുകയും സി.പി.ഐയിലെ അംഗം ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്തതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 4 അംഗങ്ങളുടെ പിന്തുണ മാത്രമായി. അഞ്ച് അംഗങ്ങളുടെ പിന്തുണ നേടിയ ബി.ജെ.പിയിലെ സജിത ഇതോടെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സി.പി.ഐയിലെ മിനി തങ്കപ്പനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.പി.ഐയുടെ ഷാഫിയുടെ പിന്തുണയാണ് ബി.ജെ.പിയ്ക്ക് ലഭിച്ചത്.


Also Read: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍.എസ്.എസ്


മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലെ ടി.എം. ഷാഫി ബി.ജെ.പി സ്ഥാനാര്‍ഥിക്കു അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സി.പി.ഐ.എം നേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ കെ.കെ. രമേഷ് ബാബുവിന്റെയും സി.പി.ഐയിലെ സുമ വല്‍സന്റെയും വോട്ട് അസാധുവായി.

വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ ഇടതുമുന്നണിക്കു ആറു വോട്ട്, ബിജെപി നാല്, കോണ്‍ഗ്രസ് മൂന്ന് എന്ന സ്ഥിതിയിലായിരുന്നു. രമേശ് ബാബുവിന്റെ വോട്ട് അസാധുവായിരുന്നു.

രണ്ടാം ഘട്ടത്തില്‍ സി.പി.ഐ.എമ്മിലെ രമേശ്ബാബുവിന്റെയും സി.പി.ഐയിലെ സുമ വല്‍സന്റെയും വോട്ട് അസാധുവായി. ഇതിനു പുറമെ ടി.എം. ഷാഫി ബി.ജെ.പിക്കു വോട്ട് രേഖപ്പെടുത്തിയതോടെ മിനി തങ്കപ്പന്‍ അടിപതറി. രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നു.

ഇടതു പക്ഷത്ത് സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കവും പടലപിണക്കവുമാണ് ഉപാധ്യക്ഷ സ്ഥാനം ബി.ജെ.പിക്കു ലഭിക്കാനിടയായത്. പതിമൂന്നാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് സജിത അമ്പാടി.

വരണാധികാരിയായിരുന്ന കെ.കെ. മോഹന്‍ദാസ് വോട്ട് ചെയ്യേണ്ട രീതി കൃത്യമായി വിവരിച്ചതിനു ശേഷവും ഇടതു അംഗങ്ങള്‍ മനപ്പൂര്‍വ്വം തന്നെ പരാജയപ്പെടുത്തുകയായിരുന്നെന്നു മിനി തങ്കപ്പന്‍ ആരോപിച്ചു. അതേസമയം തന്റെ വോട്ടില്‍ ടി.എം. ഷാഫി കൃത്രിമം കാണിക്കുകയായിരുന്നെന്നു സുമ വല്‍സന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി തീരുമാന പ്രകാരം അംഗങ്ങളുടെ വോട്ട് പരസ്പരം പരിശോധിക്കുന്നതിനിടെയാണു ടി.എം. ഷാഫി കൃത്രിമം നടത്തിയതെന്നു സുമ വല്‍സന്‍ ആരോപിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി എം ഷാഫിയുടെ വീട് ആക്രമിച്ചതുള്‍പ്പെടെ സി.പി.ഐ -സി.പി.ഐ.എം സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലമാണ് എടവിലങ്ങ് പഞ്ചായത്ത്.

 

സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി രമേഷ് ബാബുവിനെ ഒഴിവാക്കി ജൂനിയറായ എ.പി. ആദര്‍ശിനെ സി.പി.ഐ.എം നേതൃത്വം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയതോടെ രമേഷ് ബാബു ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും രമേഷ് ബാബു തന്റെ വോട്ട് അസാധു ആക്കിയിരുന്നു.

തന്റെ വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെടെ മിനി തങ്കപ്പന്‍ സി.പി.ഐ.എം അനുകൂല നിലപാടാണു സ്വീകരിച്ചതെന്നും മിനി തങ്കപ്പനെ സ്ഥാനാര്‍ത്ഥി ആക്കരുതെന്നു പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ടി.എം.ഷാഫി പറഞ്ഞു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിജയത്തില്‍ സന്തോഷമുണ്ടെന്നും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റിനോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സജിത അമ്പാടി പറഞ്ഞു.

അതേസമയം ടി.എം. ഷാഫിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ പാര്‍ട്ടിഘടകം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയും ഇടതുപക്ഷവും നടത്തുന്ന അജണ്ടയുടെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എടവിലങ്ങ് മൂന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായ എം.ജി അനില്‍കുമാര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement