എഡിറ്റര്‍
എഡിറ്റര്‍
തോമസ്ചാണ്ടിയുടെ രാജിയുടെ ഖ്യാതി സി.പി.ഐക്ക് വേണ്ട; കോടിയേരിക്ക് മറുപടിയുമായി കാനംരാജേന്ദ്രന്‍
എഡിറ്റര്‍
Thursday 16th November 2017 7:21pm


തിരുവനന്തപുരം: തോമസ്ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് കോടിയേരിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കാനംരാജേന്ദ്രന്‍. തോമസ്ചാണ്ടിയുടെ രാജിയുടെ ഖ്യാതി സി.പി.ഐക്ക് വേണ്ടെന്നും തോമസ്ചാണ്ടിയെ തുടരാന്‍ അനുവദിച്ചത് സോളാറില്‍ യു.ഡി.എഫിനെ സഹായിച്ചെന്നും കാനം പറഞ്ഞു.

എല്‍.ഡി.എഫ് നയത്തില്‍ നിന്നും വ്യതിചലിച്ചത് കൊണ്ടാണ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും തോമസ് ചാണ്ടിയുടെ രാജിസംബന്ധിച്ച് സി.പി.ഐക്ക് ഉറപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും കാനം പറഞ്ഞു.

കോടിയേരിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും രംഗത്തെത്തി.

സര്‍ക്കാരിനെതിരെ കേസ് കൊടുക്കുക എന്ന അസാധാരണമായ സംഭവമാണ് തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. ആ സാഹചര്യത്തിലാണ് ഭരണഘടനാലംഘനം നടത്തിയ വ്യക്തിക്കെതിരായി സി.പി.ഐ നിലപാടെടുത്തത്.

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യു.ഡി.എഫ് തകര്‍ച്ചയിലേയ്‌ക്കെത്തിയ സന്ദര്‍ഭത്തിലാണ് തോമസ് ചാണ്ടിയുടെ വിഷയം അവര്‍ക്ക് പിടിവള്ളിയായത്. ഇടതുപക്ഷ രാഷ്ട്രീയത്തെ പണയപ്പെടുത്തിക്കൊണ്ട് മുന്നണിയെ സംരക്ഷിക്കാന്‍ സിപിഐക്ക് സാധിക്കില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ നിലപാടുകളില്‍നിന്ന് വ്യതിയാനം വന്നാല്‍ സി.പി.ഐ അത് ചൂണ്ടിക്കാണിക്കും. സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തോമസ് ചാണ്ടിയുടെ രാജിയോടെ ഇല്ലാതായെന്നും പ്രകാശ്ബാബു പറഞ്ഞു.

സി.പി.ഐയുടെ നിലപാട് അപക്വമെന്നും മുന്നണിമര്യാദകള്‍ക്ക് വിരുദ്ധമാണെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Advertisement