കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു: സീതാറാം യെച്ചൂരി
Kerala News
കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th March 2023, 10:11 pm

തിരുവനന്തപുരം: ആരെങ്കിലും പ്രധാനമന്ത്രിയെയോ അദാനിയെയോ വിമര്‍ശിച്ചാല്‍ അവര്‍ രാജ്യവിരുദ്ധരാകുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ദിര എന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യം പോലെയാണിപ്പോള്‍, ഇന്ത്യ എന്നാല്‍ മോദി, ഇന്ത്യ എന്നാല്‍ അദാനി എന്നത്. ഇന്ത്യ എന്നാല്‍ അദാനിയോ മോദിയോ അല്ല. ഇന്ത്യ ഇന്ത്യക്കാരുടെതാണ്. ഇന്ദിരക്ക് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ മറുപടി ഈ സര്‍ക്കാരിനും നല്‍കണം.

കേരളത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിന് മറുപടി പറയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം അത് എളുപ്പമാക്കി. കേരള സര്‍ക്കാര്‍ നല്ല മാതൃകയാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി,’ യെച്ചൂരി പറഞ്ഞു.

ബി.ജെ.പി ഇതര സര്‍ക്കാര്‍ എന്ന നിലയില്‍ ബദല്‍ നയങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു.

‘രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന ജാഥയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഇന്ത്യയുടെ അടിസ്ഥാന സ്തംഭങ്ങള്‍ ആക്രമിക്കപ്പെടുകയാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയില്‍ കാണുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുപാട് ഒളിക്കാനുണ്ട്. അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുകയാണ്,’ യെച്ചൂരി പറഞ്ഞു.