ന്യൂദല്‍ഹി: ജഹാംഗീര്‍പുരിയിലെത്തിയ സി.പി.ഐ നേതാക്കളെ തടഞ്ഞ് പൊലീസ്. ഡി. രാജ, ആനി രാജ, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് പൊലീസ് തടഞ്ഞത്. പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം, ആളുകളുമായി സംസാരിക്കണം എന്നീ ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ പൊലീസ് ഇത് സമ്മതിച്ചില്ല, തുടര്‍ന്ന് നേതാക്കളും പൊലീസുമായി വാക്കേറ്റമുണ്ടായി.
പിക്ക്നിക്കിന് വന്നതല്ല, ജനങ്ങളെ കാണാന്‍ വന്നതാണെന്ന് പൊലീസിനോട് ഡി. രാജ പറഞ്ഞു. ‘ക്രമസമാധാന പാലനത്തെക്കുറിച്ചും രാജ്യത്തെ നിയമത്തെക്കുറിച്ചും കോടതിയെക്കുറിച്ചും ഞങ്ങള്‍ക്കറിയാം. എന്നാല്‍ വീടും താമസസ്ഥലവും നഷ്ടപ്പെട്ട പാവങ്ങളെ കാണാനാണ് ഞങ്ങളെത്തിയത്. കണ്ടിട്ടേ പോവൂ. അറസ്റ്റ് ചെയ്യാനാണ്െപാലീസ് നീക്കമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ, ഞങ്ങള്‍ ഭീരുക്കളല്ല’ ബിനോയ് വിശ്വം പ്രതികരിച്ചു.
ഒടുവില്‍ സി.പി.ഐ നേതാക്കളെ സംഭവസ്ഥലത്തേക്ക് പൊലീസ് കടത്തിവിട്ടു. ഡി.രാജ, ബിനോയ് വിശ്വം. പല്ലബ് സെന്‍ഗുപ്ത, ആനി രാജ എന്നിവരുള്‍പ്പെടുന്ന സംഘം അകത്തേക്ക് കടന്ന് ആളുകളെ കാണുകയാണെന്ന് ഡി. രാജ ട്വീറ്റ് ചെയ്തു.
അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് നടത്തിയത്.
ബൃന്ദ കാരാട്ട് സംഭവസ്ഥലത്ത് എത്തുകയും കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.