'ടൗണില്‍ കൊണ്ടുപോയി കെട്ടിയിട്ട് തല്ലും; സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടി തന്നെയാണ്': റേഞ്ച് ഓഫീസര്‍ക്കെതിരെ ഭീഷണിയുമായി സി.പി.ഐ ലോക്കല്‍ സെക്രട്ടറി
Kerala News
'ടൗണില്‍ കൊണ്ടുപോയി കെട്ടിയിട്ട് തല്ലും; സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടി തന്നെയാണ്': റേഞ്ച് ഓഫീസര്‍ക്കെതിരെ ഭീഷണിയുമായി സി.പി.ഐ ലോക്കല്‍ സെക്രട്ടറി
ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 5:58 pm

മാങ്കുളം: ഇടുക്കി റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന ഭീഷണിയുമായി സി.പി.ഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ്. ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.

‘മാങ്കുളം ടൗണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. ഇതുവരെ ഇവിടുന്ന് സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണ്്’- എന്നായിരുന്നു ഭീഷണി.

ഇതേത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവീണിനെതിരെ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും പ്രവീണിനെതിരെ കേസെടുത്തിട്ടുണ്ട്.

മാങ്കുളം അമ്പതാംമൈലില്‍ വനംവകുപ്പ് നിര്‍മിച്ച ട്രെഞ്ചിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭീഷണിയില്‍ കലാശിച്ചത്. പ്രദേശത്ത് മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് നാട്ടുകാര്‍ ജില്ലകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് തഹസീല്‍ദാരുടെയും ഡി.എഫ്.ഒ യുടെയും നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തി. ഈ പരിശോധനയ്ക്കിടെയായിരുന്നു ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിന്റെ ഭീഷണി.

കാട്ടാനകളെ തടയാനെന്ന വ്യാജേന വനവകുപ്പ് ഓഫീസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിര്‍മ്മിച്ചതെന്നും പ്രദേശവാസികള്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനമില്ലെന്നും സി.പി.ഐ ആരോപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് നടന്ന രോക്ഷമാണ് ഭീഷണിയില്‍ കലാശിച്ചതെന്നും പ്രവീണ്‍ പറഞ്ഞു. അതേസമയം വനപാലകരുടെ പരാതി സമഗ്രമായി അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ