എഡിറ്റര്‍
എഡിറ്റര്‍
”എല്ലാം ശരി’യെന്ന് പറയുന്ന പാര്‍ട്ടിയല്ല സി.പി.ഐ’; വാക്‌പോര് തുടരുമ്പോള്‍ കോടിയേരിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍
എഡിറ്റര്‍
Saturday 15th April 2017 8:22pm

കൊല്ലം: സി.പി.ഐ.എം-സി.പി.ഐ വാക്‌പോര് തുടരുന്നു. കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളോടുള്ള പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലല്ല കാനം പറഞ്ഞതെങ്കിലും ഇന്ന് വൈകുന്നേരം കൊല്ലത്ത് നടന്ന ഒരു ചടങ്ങില്‍ വെച്ച് ശക്തമായ ഭാഷയില്‍ അദ്ദേഹം കോടിയേരിക്ക് മറുപടി കൊടുത്തു.

ആരുടേയും മുഖശ്രീ കണ്ടല്ല സി.പി.ഐ തങ്ങളുടെ അഭിപ്രായം പറയുന്നതെന്നാണ് സംസ്ഥാന സംക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല ഇടതുപക്ഷത്തെത്തിയത്. സി.പി.ഐയുടെ നിലപാടിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ആര്‍ജ്ജവമില്ല. കാര്യങ്ങള്‍ തുറന്ന് പറയുന്നത് ഇടതു പക്ഷത്തെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാം ശരി’യെന്ന് പറയുന്ന പാര്‍ട്ടിയല്ല സി.പി.ഐ. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്യൂണിസത്തിന് ചേര്‍ന്നതല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


Related Story: നിലമ്പൂര്‍, ജിഷ്ണു, യു.എ.പി.എ, മൂന്നാര്‍: കാനത്തിന്റെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി കോടിയേരിയുടെ മറുപടി: പൂര്‍ണരൂപം


കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ക്ക് എണ്ണിയെണ്ണിയുള്ള മറുപടി നേരത്തേ കോടിയേരി ബാലകഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സി.പി.ഐ.എമ്മിനേക്കാള്‍ ഭരണപരിചയം സി.പി.ഐയ്ക്കാണെന്ന് പരിഹാസ രൂപത്തില്‍ കോടിയേരി പറഞ്ഞിരുന്നു. ഇരുമുന്നണികളിലും പ്രവര്‍ത്തിച്ച പരിചയം സി.പി.ഐയ്ക്ക് ഉണ്ടെന്നും ഭരണ പരിചയമുള്ള സി.പി.ഐയുടെ ഉപദേശം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്‍.ഡി.എഫിലെ എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള അവസരം ഒരുക്കരുത്. കാനത്തിന്റെ അഭിപ്രായം ഉപയോഗിച്ച് രാഷ്ട്രീയ ആയുധമാക്കാനാകുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത്. ഇത്തരം അവസരങ്ങളെ ഉപയോഗിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.


Also Read: ‘അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഉണ്ടായത് അറക്കുന്നതിന് മുന്‍പേ പിടയ്ക്കുന്ന സമീപനം’; എല്ലാവരും പറഞ്ഞാല്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും എം.എം മണി


എല്‍.ഡി.എഫ് ശക്തിപ്പെടുത്തുന്നതിന് സി.പി.ഐ-സി.പി.ഐ.എം യോജിപ്പ് അനിവാര്യമാണ്. രാഷ്ട്രീയമായ കാര്യങ്ങളില്‍ തര്‍ക്ക വിഷയങ്ങള്‍ ഉന്നയിക്കുന്നതും വ്യക്തതവരുത്തുന്നതും അനിവാര്യമാണ്. എന്നാല്‍ ഭരണപരമായ കാര്യങ്ങള്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തെങ്കിലും ഭിന്നതയുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ ഇടതുമുന്നണിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement