എഡിറ്റര്‍
എഡിറ്റര്‍
കെ.കെ ശൈലജ തന്നിഷ്ടപ്രകാരം നിയമനം നടത്തി; കോടിയേരിയ്ക്ക് സി.പി.ഐയുടെ കത്ത്
എഡിറ്റര്‍
Saturday 26th August 2017 10:37am

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സി.പി.ഐ. ബാലാവകാശ കമ്മീഷന്‍ നിയമനം മന്ത്രി തന്നിഷ്ടപ്രകാരം നടത്തിയെന്നാരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സി.പി.ഐ കത്തു നല്‍കി.

സി.പി.ഐ പ്രതിനിധികളെ അഭിമുഖത്തിന് ക്ഷണിച്ചില്ലെന്നും കത്തില്‍ ആരോപിക്കുന്നു. പുതിയ ഒഴിവിലേക്ക് സി.പി.ഐ പ്രതിനിധികളെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കൊല്ലത്തെ സി.പി.ഐ വനിതാ നേതാവായ അഡ്വ. ബീന റാണി ഉള്‍പ്പെടെ രണ്ടുപേരുടെ പേരുകളാണ് സി.പി.ഐ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇവരെ ആരോഗ്യമന്ത്രി അഭിമുഖത്തിന് വിളിച്ചില്ലെന്നാണ് സി.പി.ഐ പരാതിപ്പെടുന്നത്.

തങ്ങളുടെ പ്രതിനിധിയെ അഭിമുഖത്തിനു പോലും ക്ഷണിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും സി.പി.ഐ കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യമന്ത്രിയുടെ ഇത്തരം നിലപാടുകള്‍ മുന്നണിക്കും സര്‍ക്കാറിനും കളങ്കമുണ്ടാക്കുമെന്നും സി.പി.ഐ കത്തില്‍ പറയുന്നു.

ബാലാവകാശ കമ്മീഷനിലെ നിയമത്തിന്റെ പേരില്‍ കെ.കെ ശൈലജയെ ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കമ്മീഷന്‍ അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി സദുദ്ദേശത്തോടെയല്ലാതെ ഇടപെട്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Advertisement