ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Bulandshahr violence
ബുലന്ദ്ശഹറില്‍ കണ്ടെടുത്ത പശുമാംസത്തിന് 48 മണിക്കൂര്‍ പഴക്കമെന്ന് പൊലീസ്; സംഘര്‍ഷമുണ്ടാക്കിയ സംഘപരിവാര്‍ നേതാവ് പറഞ്ഞത് പശുവിനെ അറക്കുന്നത് നേരിട്ട് കണ്ടെന്ന്
ന്യൂസ് ഡെസ്‌ക്
Friday 7th December 2018 11:05am

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറിലെ മഹൗ ഗ്രാമത്തിലെ കരിമ്പ് പാടത്ത് നിന്ന് കണ്ടെടുത്ത പശുമാംസത്തിന് 48 മണിക്കൂര്‍ പഴക്കമെന്ന് ഐ.ജി എസ്.കെ ഭഗത്. പൊലീസിനെതിരായ പ്രതിഷേധം ആസൂത്രണം ചെയ്യുകയും തുടക്കമിടുകയും ചെയ്ത ബജ്‌റംഗദള്‍ നേതാവ് യോഗേഷ് രാജ് പൊലീസിന് നല്‍കിയ തന്റെ പരാതിയില്‍ പറഞ്ഞിരുന്നത് ഡിസംബര്‍ 3ന് പശുവിനെ അറക്കുന്നത് താന്‍ കണ്ടെന്നായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയടക്കം ഉള്‍പ്പെടുത്തി പൊലീസ് ഗോവധത്തിന് കേസെടുത്തിരിക്കുന്നത്.

പൊലീസുകാരന്റെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ യോഗേഷ് രാജ് നാലു ദിവസത്തിന് ശേഷം ഇന്നലെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്നപ്പോള്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന യോഗേഷ് രാജ് താന്‍ നിരപരാധിയാണെന്നും പശുവിനെ അറക്കുന്നത് കണ്ടില്ലെന്നും പറഞ്ഞിരുന്നു.

സംഘര്‍ഷമൊഴിവാക്കാമെന്ന് കരുതി പശുവിന്റെ അവശിഷ്ടം സംസ്‌ക്കരിക്കാനുള്ള തങ്ങളുടെ ശ്രമം പ്രതിഷേധക്കാര്‍ തടഞ്ഞെന്ന് മാംസം കണ്ടെടുത്ത കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പശുക്കളുടെ അവശിഷ്ടം കണ്ടെടുത്തെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ യോഗേഷും പുറമേക്കാരായ അമ്പതോളം പേരും ആയുധ സജ്ജരായി എത്തി ട്രാക്ടറില്‍ കയറ്റിക്കൊണ്ടു പോയി പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.

Advertisement