കൊവിഡ് കാലത്ത് മൃതദേഹ സംസ്‌കരണം മതാചാര പ്രകാരം സാധ്യമോ?
details
കൊവിഡ് കാലത്ത് മൃതദേഹ സംസ്‌കരണം മതാചാര പ്രകാരം സാധ്യമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 12:14 am

2020 മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 69 കാരനായിരുന്നു മരിച്ചത്. എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബത്തിന് മൃതദേഹം കൈമാറി. സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു സംസ്‌കാരം.

സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ കൂടി വന്നു. കൊവിഡ് വ്യാപനത്തില്‍ ജനം ആശങ്ക പൂണ്ട സമയമായിരുന്നു പിന്നീട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിനെതിരെ പലയിടത്തും ശബ്ദമുയര്‍ന്നു. ചിലയിടത്ത് സംഘര്‍ഷമുണ്ടായി. പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരത്തെ അവസാനമായി ഒന്നു കാണാന്‍ പോലും പലരും ഭയന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സംസ്‌കാരം രോഗവ്യാപനത്തിനിടയാക്കില്ലെന്ന ഉറപ്പു നില്‍കിയിട്ടും അന്ന് ജനങ്ങള്‍ കേട്ടില്ല.

എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം സ്ഥീരീകരിച്ചിട്ട് എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍, മരണ സംഖ്യ 1200 കടന്നിരിക്കെ  ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയാണ്. മതാചാര ചടങ്ങുകള്‍ പാലിച്ചു കൊണ്ടു തന്നെ പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്നാണ് സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്.

സമസ്ത, സംസ്ഥാന ന്യൂനപക്ഷ സെല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, തുടങ്ങിയവ ഇതിനകം ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. കൊവിഡ് പോസിറ്റീവ് ആയി മരണപ്പെട്ടവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും അയച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമെന്ത്?

സെപ്റ്റംബര്‍ നാലിന് ലോകാരോഗ്യ സംഘടന നല്‍കിയ പുതിയ നിര്‍ദ്ദേശമനുസരിച്ച് മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലേക്ക് കൊണ്ടു പോവാന്‍ ബന്ധുക്കളെ അനുവദിക്കാം. എന്‍ 95 മാസ്‌കും കാല്‍ മറയ്ക്കുന്ന ബൂട്ടും ഉള്‍പ്പെടെയുള്ള പി.പി.ഇ കിറ്റുകള്‍ ധരിച്ച വ്യക്തികള്‍ക്ക് മൃതദേഹത്തെ കുളിപ്പിക്കാനും വസ്ത്രം മാറ്റാവുന്നതുമാണ്.

മാസ്‌കും ഗ്ലൗസും ധരിച്ച ശേഷം വളണ്ടിയര്‍മാര്‍ വഴി ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ അവസരം നല്‍കണമെന്നും ലോകാരോഗ്യ സംഘടന പുറത്തു വിട്ട മാര്‍ഗ രേഖയില്‍ പറയുന്നു.മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ബന്ധുമിത്രാദികള്‍ക്ക് മൃതദേഹം കാണാന്‍ അനുമതിയുണ്ട്. അതാത് സംസ്ഥാനങ്ങള്‍ മൃതദേഹ സംസ്‌കരണങ്ങളുടെ പ്രോട്ടോകോളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെപ്റ്റംബര്‍ 16 ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മൃതദേഹ സംസ്‌കരണമെങ്ങനെ?

മാര്‍ച്ചില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് നിലവില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. പത്തടി താഴ്ചയിലാണ് മൃതദേഹം അടക്കുന്നത്. സെമിത്തേരികളിലും പള്ളിപ്പറമ്പിലും ജെ.സി.ബിയും മറ്റും ഉപയോഗിച്ച് കുഴി കുഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. മൃതദേഹത്തെ കുളിപ്പിക്കാന്‍ നിലവില്‍ ബന്ധുക്കള്‍ക്ക് അനുവാദമില്ല. ലോകാരോഗ്യ സംഘടനയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചു കൊണ്ട് തന്നെ മതാചാരപ്രകാരം ശവസംസ്‌കാരം നടത്താന്‍ സമ്മതിക്കണമെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യം.

‘ശവസംസ്‌കാര ചടങ്ങുകള്‍ പ്രകാരം മുസ്ലിങ്ങള്‍ക്ക് പ്രാഥമികമായി മൃതദേഹത്തെ ശുചിയാക്കണം. ഇതിനു ശേഷം മൃതദേഹം കുളിപ്പിക്കണം. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ദൂരെ നിന്ന് പൈപ്പ് വെള്ളം ഒഴിച്ചാല്‍ മതി. ഇതിനു ശേഷം മൃതദേഹം തുണിയില്‍ പൊതിയണം. ബോഡി ബാഗിലിട്ടതിനു ശേഷം ഒരു തുണി പൊതിഞ്ഞാലും മതി. ഈ രീതി പലസ്ഥലത്തും അധികൃതര്‍ സമ്മതിക്കുന്നില്ല. ഇതുമൂലം വൃത്തിഹീനമായ മൃതദേഹം പായ്ക്ക് ചെയ്ത് ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടു പോയി കുഴിച്ചിടുകയാണ് ചെയ്യുന്നത്. സാധാരണ ഒരു കബറടക്കുക ആറടി താഴ്ചയിലാണ്. എന്നാല്‍ പത്തടി താഴ്ചയില്‍ കബറടക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ജെ.സി.ബിയും മറ്റും ഉപയോഗിച്ച് കുഴി കുഴിച്ച് ഒരു ആദരവില്ലാതെയാണ് മൃതദേഹം ഇപ്പോള്‍ കുഴിച്ചിടുന്നത്,’ പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മൃതദേഹത്തെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിജനകമായ അന്തരീക്ഷം ഉണ്ടാക്കുകയും കൊവിഡ് പരിശോധന നടത്താന്‍ ആളുകള്‍ ഭയപ്പെടുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്നതാണ് ഈ വിഷയം ഉയര്‍ത്തുന്ന പ്രധാന ആശങ്ക.

അതേസമയം മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് 10 അടി ആഴത്തിലാക്കിയതിനും, മൃതദേഹം ശുചിയാക്കാന്‍ ബന്ധുക്കളെ അുവദിക്കാത്തത്തിനും ആരോഗ്യമന്ത്രാലയത്തിന് കൃത്യമായ മറുപടി ഉണ്ട്.

‘ ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് മണ്ണിന്റെ ഘടനയുള്ളത്. വെള്ളം അധികം ഉള്ള സ്ഥലങ്ങളിലാണെങ്കില്‍ അധികം താഴ്ത്താന്‍ വേണ്ടി പറയും. 1.5 മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ താഴ്ചയിലാണ് മൃതദേഹം മറവു ചെയ്യേണ്ടത് എന്നാണ് ശാസ്ത്രീയ നിര്‍ദ്ദേശം. കാറ്റഗറി എ, ബി,സി എന്നിങ്ങനെ മൂന്ന് തരത്തില്‍ മൃതശരീരങ്ങളെ വേര്‍തിരിക്കുന്നുണ്ട്. ഇതില്‍ കാറ്റഗറി ബിയിലാണ് നിപ, കൊവിഡ്, എച്ച്.ഐ.വി തുടങ്ങിയവ. ഈ കാറ്റഗറിയില്‍ വരുന്ന മൃതദേഹങ്ങള്‍ ബോഡി ബാഗിലാക്കിയും പി.പി.ഇ കിറ്റുമുപയോഗിച്ചാണ് മറവു ചെയ്യേണ്ടത്. ബോഡി ബാഗിലാക്കിയ മൃതശരീരത്തില്‍ നിന്നും രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്,’ കോഴിക്കോട് ജനറല്‍ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് പൊലീസ് സര്‍ജന്‍ ഡോ. മൃദുല്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഒപ്പം കൊവിഡ് ബാധിച്ച് മരിച്ചയാളെ കുളിപ്പിക്കാനനുവദിക്കാത്തതിലും ഇദ്ദേഹം മറുപടി നല്‍കുന്നു.

‘മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമെല്ലാം ശവസംസ്‌കാരത്തിനു മുമ്പായി മൃതദേഹത്തെ
കുളിപ്പിക്കുന്ന ആചാരമുണ്ട്. എന്നാല്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുളിപ്പിക്കുന്നതിന്റെ പ്രശ്‌നമെന്തെന്നാല്‍ മൃതശരീരത്തിലെ സ്രവങ്ങളില്‍ നിന്നും രോഗം പടരാനിടയുണ്ട്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകരാണ് മൃതശരീരങ്ങള്‍ പായ്ക്ക് ചെയ്യുന്നത്. മൂക്ക് ,ചെവി തുടങ്ങി സ്രവമൊഴുകാന്‍ സാധ്യതയുള്ള എല്ലാ ശരീരഭാഗങ്ങളിലും ഇവര്‍ പഞ്ഞി വെച്ച് അടയ്ക്കുന്നു. അതിനു ശേഷം പ്ലാസ്റ്റിക് കവറുകൊണ്ട് മൃതശരീരം പുതയ്ക്കുന്നു. ഇതിനൊക്കെ ശേഷമാണ് ബോഡി ബാഗിനുള്ളിലേക്ക് മൃതശരീരം വെക്കുന്നത്. ബോഡി ബാഗ് തുറന്നാണ് മരിച്ചയാളുടെ മുഖം ബന്ധുക്കള്‍ക്ക് കാണിക്കുന്നത്. ഇതുവരെ ബന്ധുക്കള്‍ മരിച്ച മിക്കവരെയും മൃതദേഹം കാണാനുള്ള സാഹചര്യം നമ്മള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരല്ലാത്തവര്‍ മൃതദേഹം കൈകാര്യം ചെയ്യുമ്പോള്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

ഒരു മതാചാരത്തിനും തങ്ങള്‍ എതിരല്ലെന്നും നിലവിലെ സാഹചര്യത്തിന്റെ ഗൗരവം പരസ്പരം മനസ്സിലാക്കാന്‍ എല്ലാവരും സന്നദ്ധരാവണമെന്നുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ