പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തില്‍; 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോടെ ലഭ്യമാകും
Covid 19 India
പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തില്‍; 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോടെ ലഭ്യമാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th August 2021, 9:16 pm

പൂനെ: 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 2021 സെപ്തംബറോടെ വാക്സിന്‍ നല്‍കാന്‍ സാധിച്ചേക്കുമെന്ന് ഐ.സി.എം.ആര്‍ – എന്‍.ഐ.വി ഡയറക്ടര്‍ പ്രിയ എബ്രഹാം. സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ടമെന്റിന്റെ ഒ.ടി.ടി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ എബ്രഹാം ഇക്കാര്യം പറഞ്ഞത്.

എന്‍.ഐ.വിയില്‍ നടന്ന വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് അവര്‍ ഈ കാര്യം അവതരിപ്പിച്ചത്. 2020 ഏപ്രില്‍ അവസാനത്തോടെ ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് (ബി.ബി.ഐ.എല്‍) ഐസൊലേറ്റ് ചെയ്ത സ്ട്രെയിന്‍ നല്‍കിയിരുന്നു. അതില്‍ നിന്നും അവര്‍ ഒരു വൈറോണ്‍ ഇനാക്ടിവേറ്റഡ് വാക്സിന്‍ വികസിപ്പിച്ച് തിരികെ അയച്ചിട്ടുണ്ട് – പ്രിയ എബ്രഹാം പറഞ്ഞു.

അതിനുമേലുള്ള പരീക്ഷണങ്ങല്‍ അവസാന ഘട്ടത്തിലാണ്. നോണ്‍ ഹ്യുമണ്‍ പ്രൈമേറ്റുകളില്‍ (കുരങ്ങ്) പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ഡയഗ്‌നോസിസ് ഘട്ടത്തിലേക്ക് എത്താന്‍ അവ സഹായിച്ചുവെന്നും ഈ പരീക്ഷണങ്ങളുടെ ഫലം ഉടന്‍ തന്നെ ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് നല്‍കാവുന്ന മറ്റൊരു വാക്സിനും ഡ്രഗ്സ് കണ്‍ട്രോളറുടെ മുന്നിലുണ്ട്. കാഡില്ലയുടെ സൈ കോവ്- ഡി (ZyCoV-D) ആണത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കും.

സൈ കോവ്- ഡിയുടെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഐ.സി.എം.ആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് കോവാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ആദ്യത്തെ കൊവിഡ് വാക്സിനാണ് കോവാക്സിന്‍. ഇന്ത്യയില്‍ നിലവില്‍ കോവാക്സിന്‍, കൊവിഷീല്‍ഡ്, റഷ്യന്‍ നിര്‍മിതമായ സ്പുട്നിക് എന്നിവയാണ് വിതരണം ചെയ്യുന്നത്.

Covid vaccine for children aged 2 to 18 years will be available by September