കൊവിഡ് പ്രതിരോധം: പഞ്ചായത്തുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
Kerala
കൊവിഡ് പ്രതിരോധം: പഞ്ചായത്തുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 1:00 pm

തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ പഞ്ചായത്തുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് ഡയറക്ടര്‍ പുറത്തിറക്കി.

കൊവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാര്‍ഡ് തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

രോഗലക്ഷണമുള്ളവരെയും രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും കര്‍ശനമായി ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റിന് വിധേയമാക്കുന്നതിന് വാര്‍ഡ്തല കമ്മിറ്റികള്‍ ആവശ്യമായ നടപടി സ്വീകരിക്കും.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചാല്‍ രോഗിയെ നിര്‍ബന്ധമായും സമീപത്തെ സി.എഫ്.എല്‍. ടി. സിയിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം.

രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സാമൂഹ്യാകലം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, പോലീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാവര്‍ക്കര്‍ എന്നിവരുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

അതിഥി തൊഴിലാളികളെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കുന്നതിന് ആവശ്യമായ നടപടികള്‍ പഞ്ചായത്ത്, വാര്‍ഡ്തല കമ്മിറ്റികള്‍ സ്വീകരിക്കണം. ലേബര്‍ ക്യാമ്പുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ അവിടം ക്ളസ്റ്ററുകളായി തിരിച്ച് കര്‍ശന നിരീക്ഷണവും ബോധവത്ക്കരണവും നടത്തണം.

വയോജനങ്ങള്‍, സാന്ത്വന ചികിത്സയിലുള്ളവര്‍, ജീവിതശൈലി രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, തീരദേശവാസികള്‍, ചേരിപ്രദേശങ്ങളില്‍ കഴിയുന്നവര്‍, കെയര്‍ ഹോമിലെ അന്തേവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വാര്‍ഡ് തല കമ്മിറ്റികള്‍ ബോധവത്ക്കരണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മുന്‍ഗണന നല്‍കണം.

ഈ വിഭാഗങ്ങള്‍ക്കിടയില്‍ കൊവിഡ് ടെസ്റ്റ് യഥാവിധി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പഞ്ചായത്തുതല റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ശക്തിപ്പെടുത്താന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണം.

ഒരു പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായി കണ്ടെത്തിയാല്‍ രോഗവ്യാപനം തടയുന്നതിന് കണ്ടെ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് നടപടികള്‍ ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കണം. പി.എച്ച്.സി,സി. എച്ച്.സികളില്‍ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശേഖരിച്ച് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പഞ്ചായത്തുകള്‍ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത പഞ്ചായത്തു സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. കൊവിഡ് രോഗവ്യാപനം കൂടുതലായി കാണുന്ന പ്രദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ജിയോമാപ്പിംഗ് നടത്തണം.

ക്വാറന്റീന്‍ കേന്ദ്രങ്ങള്‍, സി.എഫ്.എല്‍.ടി.സികള്‍, സി.എസ്.എല്‍.ടി.സികള്‍, ഡി.ഡി.സികള്‍ എന്നിവിടങ്ങളിലെ മാലിന്യം നിലവിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കണം. പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന മാളുകള്‍, സിനിമ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ചന്തകള്‍ എന്നിവിടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

വിവാഹ, മരണാനന്തരചടങ്ങുകള്‍, മറ്റു ഒത്തുചേരലുകള്‍ എന്നിവയില്‍ അനുവദിക്കപ്പെട്ട എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്നും പഞ്ചായത്ത്, വാര്‍ഡ്തല കമ്മിറ്റികള്‍ നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Covid, Guidelines for Panchayats have been issued