ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ നിലവിലെ കണക്കിന്റെ ഏഴിരട്ടി; 20 ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് ദി ഇക്കണോമിസ്റ്റ് പഠനം
national news
ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ നിലവിലെ കണക്കിന്റെ ഏഴിരട്ടി; 20 ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് ദി ഇക്കണോമിസ്റ്റ് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th June 2021, 9:58 am

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ നിലവില്‍ സ്ഥിരീകരിച്ചതിനെക്കാള്‍ ഏഴിരട്ടിയോളമാണെന്ന് പുതിയ റിപ്പോര്‍ട്ട്. ദി ഇക്കണോമിസ്റ്റ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 20 ലക്ഷത്തിലധികമാണെന്ന് ദി ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റഫര്‍ ലെഫ്ലര്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.

രാജ്യത്ത് കൊവിഡ് മരണനിരക്കുകള്‍ കുറച്ചുകാണിക്കുകയാണെന്ന് ആരോപിച്ച് നേരത്തെയും വിദേശ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.

മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് ഔദ്യോഗിക മരണകണക്കുകളും ശ്മശാനങ്ങളിലെ സംസ്‌കാരം നടക്കുന്നതിന്റെ കണക്കുകളും തമ്മിലുള്ള വ്യത്യാസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത പഠനമാണിതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി. വസ്തുതകളെ മുന്‍നിര്‍ത്തി മരണം പ്രവചിക്കുകയാണ് ചെയ്തിട്ടുള്ളത്.

മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ ഒരു രാജ്യവും അംഗീകരിക്കില്ല. രാജ്യത്തിന്റെ കൊവിഡ് ഡാറ്റാ മാനേജ്മെന്റ് പൂര്‍ണമായും സുതാര്യമാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

അതിനിടെ മരണകാരണം സ്ഥിരീകരിക്കാന്‍ തെറ്റായ രീതി പിന്തുടരുന്നത് കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ തടസ്സമുണ്ടാക്കുന്നുവെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 3,70,384 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് കൊവിഡ് മരണം രേഖപ്പെടുത്തുന്നത്.

പുതിയ കണക്കുകള്‍ പ്രകാരം ദേശീയ തലത്തിലും കൊവിഡ് മരണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. മഹാരാഷ്ട്ര, ബീഹാര്‍, യു.പി, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം മാത്രം പുതുതായി 20,741 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ആകെ കൊവിഡ് മരണനിരക്കില്‍ 19 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച മാത്രം രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളില്‍ 3,302 എണ്ണത്തിന്റെ വര്‍ധനവുണ്ടായതും ആശങ്കയുണ്ടാക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Covid Death Rate Is 7 Times Higher Than The Actual Data