കൊവിഡ് 19; നിര്‍ത്തിവെച്ച ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു; ഏപ്രില്‍ 10 വരെ അനുമതി
malayalam movie
കൊവിഡ് 19; നിര്‍ത്തിവെച്ച ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു; ഏപ്രില്‍ 10 വരെ അനുമതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th March 2020, 9:05 pm

ജോര്‍ദാന്‍: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയ ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നേരത്തെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ചിത്രീകരണം അവസാനിപ്പിക്കേണ്ടി വന്നു.

ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു.

ഇതോടെ ആന്റോ ആന്റണി എം.പിയെ സംവിധായകന്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു.

ഇതോടെ ഏപ്രില്‍ 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിക്കുകയായിരുന്നു. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്.