കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശി യാത്ര ചെയ്തത് ദിവസങ്ങളോളം; റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയാതെ വലഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍
Kerala
കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശി യാത്ര ചെയ്തത് ദിവസങ്ങളോളം; റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയാതെ വലഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 10:52 am

പാലക്കാട്: കൊവിഡ് ബാധ സ്ഥിരീകരിച്ച പാലക്കാട് കാരാക്കുറിശ്ശി സ്വദേശിയൂടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയാതെ വലഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍. മാര്‍ച്ച് 13 ന് ദുബായില്‍ നിന്ന് എത്തിയ ഇയാള്‍ ദിവസങ്ങളോളം നാട്ടിലൂടെ ഇറങ്ങി നടക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കരിപ്പൂരിലെത്തിയ ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് അനുസരിച്ചില്ല. പിന്നീട് നാട്ടുകാരുടെ പരാതിയില്‍ പൊലീസ് എത്തി കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്

ഇതിനിടെ ഇദ്ദേഹം മൂന്ന് ബാങ്കുകളിലും നഗരത്തിലെ ഹോട്ടലുകളിലും പള്ളിയിലും യത്തീംഖാനയിലും പോയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയ മകനുമായും ഇദ്ദേഹം ഇടപഴകിയിട്ടുണ്ട്.

ഇതിന് ശേഷം മകന്‍ മൂന്ന് ദിവസം കെ.എസ്.ആര്‍.ടി.സി ബസില്‍ ജോലി ചെയ്തിട്ടുണ്ട്. 17 ാം തിയതി മണ്ണാര്‍ക്കാടേക്കും തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും ബസില് യാത്ര ചെയ്തിട്ടുണ്ട്.

രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 21 ന് മാത്രമാണ് ദുബായില് നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തിന് വിധേയനാകുന്നത്. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് കൊവിഡ് 19 പോസിറ്റീവ് ആണെന്ന ഫലം വരുന്നത്.

ബന്ധുവീടുകളില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ പോയിട്ടുണ്ട്. നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പാലക്കാട് കാരക്കുറിശിയില്‍ നിന്നും മലപ്പുറത്തേക്കും ഇയാള്‍ വന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ യാത്രാ മാര്‍ഗങ്ങളും സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കല്‍ അതീവ ദുഷ്‌കരമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും പറയുന്നത്. കൂടുതല്‍ പേരിലേക്ക് വൈറസ് എത്താനുള്ള സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ