കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ ബാറുകളും തിയേറ്ററുകളുമടക്കമുള്ളവ പൂട്ടിയിടാന്‍ തീരുമാനം
covid 19 Kerala
കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ ബാറുകളും തിയേറ്ററുകളുമടക്കമുള്ളവ പൂട്ടിയിടാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th April 2021, 6:26 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ ബാറുകളും സിനിമ തിയേറ്ററുകളുമടക്കം പൂട്ടിയിടാന്‍ തീരുമാനമായി. ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യ വില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി നിര്‍ത്തിയത്.

കൊവിഡ് അവലോകന യോഗത്തിനും സര്‍വ്വകക്ഷി യോഗത്തിനും ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ യോഗങ്ങളും ഓണ്‍ലൈനായി മാത്രമേ നടത്താവൂ. സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതി. ആരോഗ്യം, റവന്യൂ, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ എന്നിവ എല്ലാ ദിവസവും പ്രവര്‍ത്തിക്കണം. സ്വകാര്യ ഓഫീസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.

സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനോട് സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാവരും യോജിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2-ന് ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ബന്ധപ്പെട്ടവര്‍ മാത്രം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പോയാല്‍ മതി. പൊതുജനം വേണ്ട. വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമേ, വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടക്കാവൂ. ഉദ്യോഗസ്ഥര്‍ക്ക് അടക്കം ഈ നിബന്ധന ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid 19 in Kerala  Decision to close bars and theaters and other centers