മകന് കൊവിഡ് 19 നെന്ന് വ്യാജപ്രചരണം; പരാതി നല്‍കാന്‍ പോയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
kERALA NEWS
മകന് കൊവിഡ് 19 നെന്ന് വ്യാജപ്രചരണം; പരാതി നല്‍കാന്‍ പോയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 9:35 am

പാലക്കാട്: മകന് കൊവിഡ് 19 ബാധയുണ്ടെന്ന വ്യാജപ്രചരണത്തിനെതിരെ പരാതി നല്‍കാന്‍ പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ ചായക്കട നടത്തുന്ന അള്ളാപിച്ചയാണ് (55) മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളനിയിലെതന്നെ അരുണ്‍രാജിനെതിരേ (23) കൊല്ലങ്കോട് പൊലീസ് കേസെടുത്തു. അള്ളാപിച്ചയുടെ മകന്‍ മുഹമ്മദ് അനസ് ഒന്നരവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറാണ്.

കൊവിഡ് ബാധിതനായി അനസ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിച്ചിരുന്നു. കുടുംബത്തെ ഒറ്റപ്പെടുത്തി നടത്തിയ വ്യാജ പ്രചാരണത്തില്‍ മനംനൊന്ത അള്ളാപിച്ച, ഭാര്യ സിറാജുന്നീസക്കൊപ്പം വെള്ളിയാഴ്ച രാവിലെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കാനെത്തി.

ഓണ്‍ലൈനിലൂടെ മാത്രമേ പരാതി സ്വീകരിക്കൂ എന്ന് സ്റ്റേഷനില്‍നിന്ന് പറഞ്ഞെന്നുപറഞ്ഞ് ഇദ്ദേഹം ബ്ലോക്ക് ഓഫീസ് റോഡിലെ സി.പി.ഐ.എം. ഏരിയാകമ്മിറ്റി ഓഫീസിലെത്തിയിരുന്നു.

ഓഫീസ് സെക്രട്ടറി ആലത്തൂര്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ളവരെ ഫോണില്‍വിളിച്ച് ഓണ്‍ലൈനില്‍ പരാതിനല്‍കാന്‍ കഴിയാത്ത കാര്യം ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് എഴുതിയ പരാതി സ്റ്റേഷനില്‍ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനായുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ അള്ളാപിച്ച തളര്‍ന്നുവീഴുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു.

പരാതിക്കാരന്‍ സ്റ്റേഷനില്‍ വരുമ്പോള്‍ താന്‍ തിരക്കിലായിരുന്നെന്നും പിന്നീട് പരാതി സ്വീകരിച്ചതായും കൊല്ലങ്കോട് സി.ഐ. കെ.പി. ബെന്നി പറഞ്ഞു.

അള്ളാപിച്ചയുടെ കുടുംബത്തിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്ന് പറയുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സ്വദേശി അരുണ്‍രാജിന്റെ (23) ഫോണ്‍ പിടിച്ചെടുത്തതായും ഇയാള്‍ക്കെതിരേ കേസെടുത്തതായും കൊല്ലങ്കോട് പൊലീസ് പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി 10.30-ഓടെ ആനമാറി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

നേരത്തെ തിരുവനന്തപുരത്ത് വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്ക് കൊവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതായി വ്യാജ പ്രചരണം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മലയിന്‍കീഴ് ചിറ്റിയൂര്‍ക്കോട് സ്വദേശികളായ രാമചന്ദ്രന്‍ നായര്‍, രാജേന്ദ്രന്‍ നായര്‍, മധു, രാധാകൃഷ്ണന്‍ എന്നിവരെയാണ് മലയിന്‍കീഴ് എസ്.ഐ സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചിറ്റിയൂര്‍ക്കോട്ടുകാരനായ പ്രവാസി കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു നാട്ടിലെത്തിയതെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ പ്രതികള്‍ ഇയാളുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു.

എങ്കിലും ബന്ധുക്കള്‍ പ്രവാസിയെ വിളിച്ചപ്പോള്‍ വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ ഫൂളാക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആലപ്പുഴ വള്ളിക്കുന്നത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോഹന്‍ലാല്‍ എന്നയാളാണ് ഫെയ്സ്ബുക്ക് വഴി വള്ളിക്കുന്നത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന തരത്തില്‍ പോസ്റ്റിട്ടത്.

വള്ളിക്കുന്നത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആളുകളെ ഭീതിയിലാക്കരുതെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും കമന്റായി ചിലര്‍ ആവശ്യപ്പെട്ടെങ്കിലും അത് പിന്‍വലിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തയ്യാറായില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

WATCH THIS VIDEO: