കൊറോണ മാറിയ ഡാന്നി നല്‍കേണ്ടത് 26 ലക്ഷം രൂപ; എന്താണ് അമേരിക്കന്‍ ആരോഗ്യമേഖലയെന്ന് നിങ്ങളറിയണം
ന്യൂസ് ഡെസ്‌ക്

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികള്‍ സ്ഥിരീകരിച്ചതിന് പിന്നില്‍

ആഗോള സമ്പന്ന രാഷ്ട്രമായ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നിശ്ചലമാണ്. തുടക്കത്തില്‍ അമേരിക്ക നിസാരമായി കണ്ട കൊവിഡ് 19 രാജ്യത്ത് ആയിരങ്ങളുടെ ജീവനെടുത്തിരിക്കുകയാണ്. ഇനിയും പതിനായിരങ്ങള്‍ മരിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ നേരിടാത്ത പ്രതിസന്ധികളിലൂടെയാണ് അമേരിക്കന്‍ ആരോഗ്യമേഖല കടന്നു പോകുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്കന്‍ നവലിബറല്‍ ആരോഗ്യ മേഖയിലെ നയങ്ങളുടെ നടത്തിപ്പിന്റെയും, സ്വാകാര്യവത്കരണത്തിന്റെയും,ഇന്‍ഷുറന്‍സ് കൊള്ളയുടെയും പ്രശ്‌നങ്ങള്‍ തുറന്ന ചര്‍ച്ചകളിലേക്ക് കൂടി നീങ്ങുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം തീര്‍ത്തും നിര്‍ജീവമായിരിക്കുകയാണ് എന്ന ആരോപണം ഉയര്‍ത്തി ഡ്രമോക്രാറ്റ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെര്‍ണി സാന്റേഴ്‌സ് രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും വ്യാത്യാസങ്ങളില്ലാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സംവിധാനം നടപ്പാക്കണമെന്ന ആവശ്യം അമേരിക്കയുടെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. കൊവിഡ് 19 അമേരിക്കയുടെ എല്ലാ മേഖലകളെയും ബാധിക്കുന്ന വിധത്തില്‍ പിടിമുറുക്കിയതോടെയാണ് ഇത്തരമൊരു യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന്റെ പ്രാധാന്യത്തിലേക്ക് അമേരിക്കന്‍ ജനത ചിന്തിക്കാന്‍ തുടങ്ങുന്നത്.

സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ചികിത്സ ചിലവാണ് ഇതിന് മറ്റൊരു കാരണം. അമേരിക്കന്‍ ജനസംഖ്യയുടെ പകുതിയിലധികം ആളുകളും കൊവിഡ് ചികിത്സാ ചിലവിനെ കുറിച്ച് ആശങ്കയുള്ളവരാണ് എന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ ഒരു വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഇവിടുത്തെ പോലെ സര്‍ക്കാര്‍ ചിലവില്‍ ചികിത്സയും സൗകര്യങ്ങളും ഒന്നും ലഭ്യമല്ല.  ഇന്‍ഷുറന്‍സ് ഉള്ള ആളുകളുടെ ചികിത്സ ചിലവ് കമ്പനികള്‍ നോക്കും, അല്ലാത്തവര്‍ക്ക് കൊവിഡ് ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് ചിലവ്.

സി.എന്‍.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരു അമേരിക്കന്‍ പൗരന് ഏകദേശം 42,486 ഡോളര്‍ മുതല്‍ 74,310 ഡോളര്‍ വരെ ചികിത്സാ ചിലവ് വേണ്ടി വരും. അതായത് 32 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ചികിത്സ സൗജന്യമല്ല, ഹെല്‍ത്ത് പ്ലാനിന്റെ കോസ്റ്റ് ഷെയറിങ്ങ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തുക ഇവര്‍ നല്‍കേണ്ടി വരും.

ഇപ്പോള്‍ കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതോടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വലിയ രീതിയിലുള്ള ആശ്വാസമാണ് അവിടുത്തുകാര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ കൊവിഡ് ടെസ്റ്റിങ്ങിനും വന്‍ തുക ചിലവായിരുന്നു. മാര്‍ച്ച് 19ന് പതിനായിരകണക്കിന് ആളുകള്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് കൊവിഡ് ടെസ്റ്റുകള്‍ സൗജന്യമാക്കി കൊണ്ട് ഡൊണാള്‍ഡ് ട്രംപ് ബില്‍ പാസാക്കുന്നത്. ഇതിന് തൊട്ട് മുന്‍പ് വരെ കൊവിഡ് ടെസ്റ്റുകള്‍ക്ക് മൂന്ന് മുതല്‍ 3.5 ലക്ഷം രൂപ വരെയായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ മറ്റ് രാജ്യങ്ങളില്‍ നടത്തിയ ടെസ്റ്റ് പെര്‍ മില്ല്യണ്‍ കണക്കുകളില്‍ അമേരിക്ക പിന്നില്‍ നില്‍ക്കാന്‍ ഇടയാക്കിയ സാഹചര്യവും ഈ അധിക സാമ്പത്തിക ബാധ്യതയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമേരിക്കയിലെ ഡാന്നി അഷ്‌കിനിയുടെ അനുഭവ കഥ ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. ലിംഫോമ രോഗിയായ അഷ്‌കിനി കടുത്ത ചുമയും ശ്വാസ തടസ്സത്തെയും തുടര്‍ന്നാണ് ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി വിട്ടിറങ്ങുമ്പോള്‍ 34,927 അമേരിക്കന്‍ ഡോളറിന്റെ ബില്ലാണ് ഇവര്‍ക്ക് കിട്ടിയത്. ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂട്ടിയാല്‍ ഏകദേശം 26 ലക്ഷത്തില്‍ കൂടുതല്‍ രൂപവരും. അമേരിക്കയിലെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അകത്ത് വരാത്ത 27 മില്ല്യണ്‍ ആളുകളുടെ കൂട്ടത്തില്‍ പെടുന്ന ആളായിരുന്നു അഷ്‌കിനിയും. ഇത്രയും തുക ആരുടെ കൈവശമാണ് ഉണ്ടാവുക എന്നാണ് അവര്‍ ചോദിക്കുന്നത്. സര്‍ക്കാരിന്റെ മെഡികെയര്‍ സഹായത്തിന് കാത്തിരിക്കുകയാണ് അവരിപ്പോള്‍.

യു.എസ് ഗവണ്‍മെന്റിന്റെ കീഴില്‍ വരുന്ന മെഡികെയര്‍, മെഡിക് എയ്ഡ് എന്നീ ഇന്‍ഷുറന്‍സ് കവറേജുകള്‍ ഉണ്ടെങ്കിലും ഇത് എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും ലഭ്യമല്ല. മെഡികെയര്‍ പ്രകാരം 65 വയസ്സിന് മുകളിലുള്ള സീനിയര്‍ സിറ്റിസണ്‍സിന് മാത്രമാണ് പരിരക്ഷ ഉള്ളത്. ശാരീരിക വൈകല്യമുള്ള 65 വയസ്സിനു താഴെയുള്ളവര്‍ക്കും മെഡികെയര്‍ വഴി പരിരക്ഷ ലഭിക്കും. മെഡിക്ക് എയ്ഡ് സൗകര്യം ചുരുങ്ങിയ വരുമാനമുള്ളവര്‍ക്ക് വേണ്ടി ഫെഡറല്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന സൗകര്യമാണ്. ഇവിടെയാണ് അമേരിക്കന്‍ ആരോഗ്യ മേഖലയുടെ ഗുരുതരമായ പാളിച്ചകള്‍ പ്രസക്തമാകുന്നതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയിലും യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം നടപ്പിലാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ വ്യാപകമായി ഉയരുകയാണ്. ഇത് ആരോഗ്യ മേഖലയിലെ െ്രൈപവറ്റ് ഇന്‍ഷുറന്‍സ് സര്‍വ്വീസുകളുടെ സ്വാധീനം കുറച്ച് സര്‍ക്കാര്‍ ഇടപെടലില്‍ ചുരുങ്ങിയ ചിലവില്‍ ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന് വേണ്ടി വാദിക്കുന്നവര്‍ അവകാശപ്പെടുന്നത്. അമേരിക്കയില്‍ 27 മില്ല്യണ്‍ ആളുകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്തുള്ളവരാണ് എന്ന് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചികിത്സാ ചിലവുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല അമേരിക്കന്‍ ആരോഗ്യ മേഖലയുടെ പൊളിച്ചെഴുത്തിനും കൂടി വേണ്ടിയാണ് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സംവിധാനം നടപ്പാക്കണമെന്ന ആവശ്യം വ്യാപകമായി ഈ ഘട്ടത്തില്‍ അമേരിക്കയില്‍ ഉയരുന്നത്.

ഹെല്‍ത്ത് കെയര്‍ സംവിധാനം പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകളുടെ കൈവശമുള്ള അമേരിക്കയില്‍ വ്യാപകമായാണ് ലാഭകരമല്ലാത്ത ഹോസ്പിറ്റലുകള്‍ അടച്ചുപൂട്ടുന്നത്. ഇത് കൂടുതലും ഗ്രാമീണ മേഖലയില്‍ നിന്നാണ് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. മറ്റ് സമ്പന്ന രാഷ്ട്രങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ ഹോസ്പിറ്റല്‍ ബെഡുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉള്ളത്. അതേ സമയം ഏറ്റവും കുടുതല്‍ ഐ.സി.യു ബെഡുകള്‍ അമേരിക്കയില്‍ ഉണ്ട് താനും. ചികിത്സ ആരോഗ്യ പരിരക്ഷയ്ക്ക് അപ്പുറം ബിസിസസ് ആക്കുന്ന ഒരു സംവിധാനത്തിന്റെ പാളിച്ചകളാണ് ഇതെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറായ ആഡം ഗാഫ്‌നി എഴുതിയ ലേഖനത്തില്‍ പറയുന്നത്.

യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സംവിധാനമുള്ള രാഷ്ട്രങ്ങളിലും കൊവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ നവലിബറല്‍ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങള്‍ പിന്തുടരുന്ന രാഷ്ട്രങ്ങളേക്കാള്‍ വിജയകരമായി കൊവിഡിനെതിരെ പോരാടാന്‍ ആരോഗ്യപരിരക്ഷ ഓരോ മനുഷ്യന്റെയും അവകാശമാണ് എന്നും ജനക്ഷേമത്തില്‍ അധിഷ്ഠിതമായി ഇതുമായി ബന്ധപ്പട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യണം എന്നുമുള്ള ബോധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.

അമേരിക്കയില്‍ ഇതുവരെ 2,40,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ആരോഗ്യ രംഗം കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ സാമ്പത്തിക രംഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. 66 ലക്ഷത്തോളം പേര്‍ക്ക് പ്രതിവാരം തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചതിനേക്കാള്‍ ഇരട്ടിയാണ് ഈ ആഴ്ചയിലെ കണക്ക്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡ്-19 പ്രതിസന്ധികള്‍ക്ക് ശേഷം ഇപ്പോള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്ന യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം അടക്കമുള്ള ആരോഗ്യസംവിധാനത്തിലേക്ക് നീങ്ങാന്‍ ആഗ്രഹിച്ചാല്‍ പോലും ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധി അമേരിക്കക്ക് തടസ്സമാകുമെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യമേഖലയും സാമ്പത്തികരംഗവും ഇത്തരത്തില്‍ കനത്ത പ്രതിസന്ധിയിലായ ഒരു ഘട്ടം അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെയുമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍.