കണ്ണൂരിലെ പാറക്കണ്ടി പവിത്രന്‍ വധക്കേസ്: പ്രതികളായ ഏഴ് ആര്‍.എസ്.എസുകാരും കുറ്റക്കാരെന്ന് കോടതി
Kerala
കണ്ണൂരിലെ പാറക്കണ്ടി പവിത്രന്‍ വധക്കേസ്: പ്രതികളായ ഏഴ് ആര്‍.എസ്.എസുകാരും കുറ്റക്കാരെന്ന് കോടതി
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 12:08 pm

 

 

തലശേരി: സി.പി.ഐ.എം പ്രവര്‍ത്തകന്‍ പൊന്ന്യം നായനാര്‍ റോഡ് നാമത്ത് മുക്കിലെ പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ഒന്നാണ് വിധി പറഞ്ഞത്. ഇവര്‍ക്കുള്ള ശിക്ഷ അല്പസമയത്തിനകം പ്രഖ്യാപിക്കും

ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സി.കെ പ്രശാന്ത്, നാമത്ത് ലൈജേഷ് എന്ന ലൈജു, പാറായിക്കണ്ടി വിനീഷ്, വലിയ പറമ്പത്ത് ജ്യോതിഷ്, പഞ്ചാര പ്രശാന്ത് എന്ന മുത്തു, കെ.സി അനില്‍കുമാര്‍, കിഴക്കയില്‍ വിജിലേഷ്, കെ. മഹേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.

കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ, മകന്‍, ഭാര്യാ സഹോദരന്‍ ഉള്‍ 23 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി വിസ്തരിച്ചു.

2007 നവംബര്‍ ആറിന് രാവിലെയാണ് പാറക്കണ്ടി പവിത്രന്‍ കൊല്ലപ്പെട്ടത്. നാമത്ത് മുക്കിലെ ജലസംഭരണക്കടുത്താണ് കൊലപാതകം നടന്നത്.

വീട്ടിലേക്ക് പാല്‍ വാങ്ങാനായി നായനാര്‍ റോഡിലെ പാല്‍ സൊസൈറ്റിയിലേക്ക് പോകവേ രാഷ്ട്രീയവിരോധം വെച്ച് പ്രതികള്‍ പവിത്രനെ വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ സമീപത്തെ മുണ്ടാണി വിജയന്‍ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ പ്രതികള്‍ കൈക്കും കാലിനും വെട്ടുകയും തുടര്‍ന്ന് വീട്ടുവരാന്തയില്‍ കയറിയ പവിത്രന്റെ തലക്കും മറ്റും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ പവിത്രന്‍ ചികിത്സയ്ക്കിടെ 2008 ആഗസ്റ്റ് 10നാണ് മരണപ്പെട്ടത്. കതിരൂര്‍ പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.