Administrator
Administrator
ജലമലിനീകരണം: വ്യവസായിക്ക് തടവ് ശിക്ഷ
Administrator
Thursday 23rd June 2011 1:41pm

nc-johnആലപ്പുഴ: ജലമലിനീകരണ (നിരോധന) നിയമ പ്രകാരം ആലപ്പുഴയിലെ പ്രശസ്ത കയര്‍ വ്യവസായിയും NC ജോണ്‍ & സണ്‍സ് ഉടമയുമായ എന്‍.സി.ജെ രാജനെ രണ്ട് വര്‍ഷത്തെ തടവിനും രണ്ടായിരം രൂപ പിഴക്കും ശിക്ഷിച്ചു. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രെറ്റ് കോടതി രണ്ട് (മൊബൈല്‍) ആണ് ശിക്ഷിച്ചത്.

കേരളത്തില്‍ ജലമലിനീകരണ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യവസായിയാണ് ഇയാള്‍.
ആലപ്പുഴ ജില്ലയിലെ തുമ്പോളി പ്രദേശത്തെ കുടിവെള്ളം മലിനപ്പെടുത്തിയതിനെതിരെ നാട്ടുകാര്‍ നല്‍കിയ കേസിലാണ് വിധി. കമ്പനി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതിനാല്‍ ജലമലിനീകരണം നടത്തുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കമ്പനി ഡയരക്ടര്‍മാരായ എന്‍.ജെ ചാക്കോ, ജോണ്‍ ജാരോത്, ജോണ്‍ മാത്യു, ഫ്രാന്‍സിസ് ജാരോത് എന്നിവരെയും ശിക്ഷിച്ചിട്ടുണ്ട്.

കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ എട്ടു വര്‍ഷമായി കുമുദിനി എന്ന വീട്ടമ്മ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. ഈ കേസ് തളളണമെന്നാവശ്യപ്പെട്ട് കമ്പനി ഉടമകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കമ്പനി നടത്തുന്ന ജലമലിനീകരണം ഗൗരവമേറിയ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകള്‍ ഗൗരവത്തോടെ കാണേണ്ടതാണെന്നും ജസ്റ്റിസ് ആര്‍.ബസന്ത് ഉത്തരവിടുകയായിരുന്നു.

ധനമന്ത്രി കെ.എം മാണിയുടെ മകന്‍ കോട്ടയം എം.പി ജോസ്.കെ മാണിയുടെ ഭാര്യാപിതാവും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Advertisement