Administrator
Administrator
കോടതി വിലക്ക് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവോ?
Administrator
Friday 12th August 2011 3:45pm

വിതുര സ്ത്രീപീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ കോടതി വിലക്കിയിരിക്കയാണ്. സ്ത്രീപീഡനക്കേസുകളില്‍ കോടതി നടപടികള്‍ അനന്തമായി നീണ്ടുപോകുന്നത് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതത്തിന് ഇരട്ട ദുരന്തമാണ് നല്‍കുകയെന്ന കാര്യം ഡൂള്‍ന്യൂസ് ഇതേ പംക്തിയില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അതിവേഗ കോടതികള്‍ സ്ഥാപിച്ച് വിചാരണ നടപടികള്‍ ത്വരിതപ്പെടുത്തി നീതി നടപ്പാക്കണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്.

എന്നാല്‍ വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പോലും റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കോടതി ഉത്തരവ് അക്ഷരം പ്രതി അംഗീകരിച്ച കേരളത്തിലെ മാധ്യമങ്ങളെല്ലാം തന്നെ പിറ്റേന്നത്തെ പത്രങ്ങളില്‍ പെണ്‍കുട്ടിയുടെ ഹരജിയെക്കുറിച്ചും കോടതി വിധിയെക്കുറിച്ചും ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. വാര്‍ത്ത നല്‍കുന്നതിന് വിലക്കുള്ള കാര്യത്തെക്കുറിച്ചും മാധ്യമങ്ങള്‍ മിണ്ടിയില്ല.

അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. പൂര്‍ണ്ണമായി ശരിയല്ലാത്ത കാര്യമാണ് താന്‍ അറിയുന്നതെന്ന് തിരിച്ചറിയാനുള്ള അവകാശമെങ്കിലും അന്ന് സര്‍ക്കാര്‍ പൗരന് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന വാര്‍ത്ത പോലും റിപ്പോര്‍ട്ട് ചെയ്യരുതെന്ന കോടതി ഉത്തരവിലൂടെ പ്രാഥമികമായ ഈ അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കയാണ്.

ഇതിന് പുറെ കേരളത്തിലെ എല്ലാ സ്ത്രീപീഡനക്കേസുകളിലേതുമെന്നപോലെ വിതുര കേസിലും പല ഉന്നതരും പ്രതികളാണ്. അധികാരത്തിന്റെയും പണത്തിന്റെയും ഭീഷണിയിലും സ്വാധീനത്തിലും പെട്ട് കേരളത്തില്‍ തെളിയാതെ പോയ സ്ത്രീ പീഡനക്കേസുകള്‍ നിരവധിയാണ്. മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയാണ് പല കേസുകളെയും ഇപ്പോളും ജീവനോടെ നിര്‍ത്തുന്നത്. വിതുര കേസിന്റെ നടപടിക്രമങ്ങളില്‍ നിന്ന് മാധ്യമങ്ങളെ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തുന്നത് കേസിന്റെ ഭാവിയെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. കോടതിയുടെ വിലക്ക് അതിരുകടന്നോ?

അഡ്വ. ജയശങ്കര്‍, മാധ്യമ നിരൂപകന്‍

ബാലാഝംഗ സ്ത്രീ പീഡനക്കേസുകളോ സാക്ഷി മൊഴികളോ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ വകുപ്പുണ്ട്. പക്ഷേ, വിലക്കിയ കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇത് തടസ്സമല്ല. അതുകൊണ്ട് കോടതി വിലക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത് ശരിയായില്ല. ഇത് ശുദ്ധ അസംബന്ധമാണ്. ഇത്തരത്തില്‍ വിലക്കാന്‍ യാതൊരു വകുപ്പുമില്ല. ഇത് ജൂഡീഷ്യല്‍ ടെററിസമാണ്. ജഡ്ജിയുടെ വിവരമില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഒറീസ്സ ഹൈക്കോടതിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട ഒരു ജഡ്ജിയാണ് ഈ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന് കേരളത്തിലെ സാമൂഹിക ചുറ്റുപാടുകള്‍ അറിയില്ലായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.

മാധ്യമങ്ങള്‍ക്ക് ഈ വിലക്ക് പാലിക്കേണ്ട യാതൊരു ഉത്തരവാദിത്വവുമില്ല. മിനിയാന്ന് വിലക്കിക്കൊണ്ട് ഈ വിധി വന്നു, ഇന്നലെ ഒരു പത്രവും അത് റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല. മാധ്യമങ്ങളുടെ നട്ടെല്ലില്ലായ്മയാണിത്. ഒരു ചാനലിന്റെ എഡിറ്റോറിയല്‍ ചീഫ് ഇന്നലെ എന്നെ വിളിച്ചു വിലക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ നിയമ വശങ്ങള്‍ അന്വേഷിച്ചു. ധൈര്യമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാന്‍ പറഞ്ഞത്. ഇന്ന് ഒരു പത്രത്തില്‍ ഈ ഉത്തരവിനെ വിമര്‍ശിച്ചു കൊണ്ട് സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം കണ്ടു, വളരെ സന്തോഷമുണ്ട്. ഇത് പാലിക്കുകയല്ല, ലംഘിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ഈ വിധി ഭരണഘടനാ ലംഘനമാണ്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കലാണ്.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്,മാധ്യമപ്രവര്‍ത്തകന്‍

കോടതി നടപടികള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍ ചില പ്രത്യേക ഘട്ടത്തില്‍ ചിലതെളിവുകളും, വിചാരണകളും കോടതി നേരിട്ട് രഹസ്യമായി പരിശോധിക്കും. അടുത്തിടെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണനിക്ഷേപം ഉള്ളവരുടെ ലിസ്റ്റ് കോടതി രഹസ്യമായാണ് പരിഗണിച്ചത്. പുറത്തറിയാന്‍ പാടില്ലാത്ത ഗുരുതരമായ പ്രശ്‌നങ്ങളാണെങ്കില്‍ കോടതിക്ക് രഹസ്യവാചാരണ നടത്താം. എന്നാല്‍ അതൊഴികെയുള്ള മറ്റെല്ലാ കോടതി നടപടികളും ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. അത് കോടതി അനുവദിക്കുകയും വേണം. മാധ്യമങ്ങളുടെ ഈ അവകാശത്തില്‍ കോടതി കൈകടത്തുകയാണെങ്കില്‍ അതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അധികാരമുണ്ട്.

ഇതിനു പുറമേ മാധ്യമങ്ങള്‍ സ്വയം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കോടതിക്കുള്ളില്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍, വെളിപ്പെടുത്തലുകള്‍ എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ സെന്‍സേഷണല്‍ ജേണലിസത്തിന് മാത്രമായി ഉപയോഗിക്കുന്ന രീതി മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാവാറുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്.

np-rajendranഎന്‍.പി രാജേന്ദ്രന്‍, ഡെപ്യൂട്ടി എഡിറ്റര്‍, മാതൃഭൂമി

വിതുര കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള സമയം എനിക്ക് കിട്ടിയിട്ടില്ല. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകാതെ പ്രതികരിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും മാധ്യമങ്ങളെ വിലക്കിയത് ഏതു സാഹചര്യത്തിലാണെന്നത് എനിക്കറിയില്ല.

സുതാര്യമായിട്ടുള്ള ഓപ്പണ്‍ കോര്‍ട്ടാണ് ഇന്ത്യയിലുള്ളത്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അങ്ങനെയിരിക്കെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്നത് ആശാസ്യമായി തോന്നുന്നില്ല. കോടതിയ്ക്ക് അതിനകത്ത് നിയമപരമായി അനുവദിച്ച ചില നിബന്ധനകളുണ്ട്. ആ നിയമങ്ങള്‍ പാലിക്കാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്. പീഡനം പോലുള്ള കേസുകളില്‍ അതില്‍ ഇരയായിട്ടുള്ളവരുടെ പേരോ മറ്റെന്തെങ്കിലും വിവരങ്ങളോ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഈ വിലക്കുകള്‍ ലംഘിക്കാതിരിക്കാന്‍ കോടതിയ്ക്ക് ആവശ്യമായ നടപടികളെടുക്കാം. വിതുരക്കേസില്‍ എന്താണ് സംഭവിച്ചതെന്നറിയില്ല. അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് പറ്റിയില്ലെന്നുള്ളതാണ് വാസ്തവം.

അടിയന്തിരാവസ്ഥ കാലത്തും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷേ അക്കാര്യവും ഇക്കാര്യവും വേറെയാണ്. ഈ രണ്ടു കാര്യത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ശരിയല്ല. അടിയന്തിരാവസ്ഥകാലത്ത് മാധ്യമങ്ങളെ വിലക്കിയത് ഇന്ത്യാ ഗവണ്‍മെന്റാണ്. സര്‍ക്കാരിനോട് കിടപിടിച്ച് കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ല.

എം.വി ജയരാജന്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം

കേരളത്തിലിപ്പോള്‍ പൊതുവെ നോക്കിയാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം കേസുകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രചാരം സമൂഹത്തില്‍ ഈ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകാറുണ്ട്. സ്ത്രീയൊരു ലൈംഗിക വസ്തുവാണെന്ന തരത്തിലുള്ള ചില പരസ്യങ്ങളും പൊതുസമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പൊതുസമൂഹത്തില്‍ അക്രമസ്വഭാവം വര്‍ധിപ്പിക്കുന്നതിനാലാണ് കോടതി ഇത് തടഞ്ഞതെങ്കില്‍ അതിനെ അംഗീകരിക്കുന്നു.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കാണിക്കുന്നവരെ സംരക്ഷിക്കുവാന്‍ ജുഡീഷ്യറിയുടെ ഈ വിലക്ക് സഹായകരമാകുമെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഏത് സാഹചര്യത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമല്ല. എങ്കിലും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സഹാചര്യത്തില്‍ നമ്മുടെ നിയമസംവിധാനം കുറ്റമറ്റതാക്കേണ്ടതുണ്ട്. തീര്‍ച്ചയായും നമ്മുടെ നിയമസംവിധാനത്തില്‍ ചില പഴുതുകളുണ്ട്. ഇതുപോലുള്ള കേസുകളിലെ കുറ്റവാളികള്‍ ആ പഴുതുകളിലൂടെ രക്ഷപ്പെടാന്‍ സാധ്യത ഏറെയാണ്.

എസ്. വിജയകുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി

ഈ കാര്യത്തില്‍ കോടതിയെ വിമര്‍ശിക്കേണ്ട കാര്യമില്ല. പെണ്‍കുട്ടിയുടെ വ്യക്തിജീവിതത്തെ അത് ബാധച്ചേക്കാമെന്നത് കൊണ്ടാണത്. പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ ഹരജിയുടെ വിശദാംശങ്ങള്‍ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പെണ്‍കുട്ടി പറഞ്ഞത് എനിക്ക് നീതി കിട്ടുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ല എന്നാണ്.

രണ്ട് കാര്യങ്ങളാണ് പ്രധാനമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, പെണ്‍കുട്ടി കോടതിയില്‍ അപേക്ഷ നല്‍കിയതും ഇതില്‍ കോടതിയെടുത്ത തീരുമാനവും. പിന്നീട് കോടതി തന്നെ ഇതില്‍ ഭേദഗതി വരുത്തുകയായിരുന്നു. അതോടെ ഈ വാര്‍ത്തയും ചാനലുകള്‍ പിന്‍വലിച്ചു. പക്ഷേ കൂടുതല്‍ കാര്യങ്ങളിലേക്ക് മാധ്യമശ്രദ്ധ പോവാതിരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

വിതുരകേസില്‍ ഉള്‍പെട്ടിരിക്കുന്നതില്‍ ഭൂരിഭാഗവും ഉന്നതരാണ്, ഹരജിയില്‍ പറഞ്ഞകാര്യം എങ്ങനെ പറഞ്ഞതാണെന്നറിയില്ല, സമ്മര്‍ദ്ദം ചെലുത്തിയാണോ എന്നും അറിയില്ല. പ്രതികളെ സഹായിക്കാന്‍ കോടതിവിധി കാരണമാകുമോ എന്ന ചിന്തയും എനിക്കുണ്ട്. കേസിനെ ബാധിക്കാത്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോട് യോജിക്കുന്നു.
തയ്യാറാക്കിയത്: ജിന്‍സി ബാലകൃഷ്ണന്‍, റഫീഖ് മൊയ്തീന്‍, സി.കെ സുബൈദ, നസീബ ഹംസ

നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് എന്തിന്?

ആ പെണ്‍കുട്ടികളുടെ ജീവിതം കോടതി വരാന്തയില്‍ ഒടുങ്ങണോ?

പെണ്ണായാല്‍ പൊന്ന് വേണോ?

Advertisement