പത്തനംതിട്ടയില്‍ പ്രവേശിക്കരുത്; രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം: കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ
kERALA NEWS
പത്തനംതിട്ടയില്‍ പ്രവേശിക്കരുത്; രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം: കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 11:07 am

 

കൊച്ചി: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്നാണ് സുരേന്ദ്രനോട് കോടതി നിര്‍ദേശിച്ചത്.

രണ്ട്‌ലക്ഷം രൂപയുടെ രണ്ടു ബോണ്ടുകള്‍ കോടതിയില്‍ കെട്ടിവെക്കണം. പാസ്‌പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. രണ്ടുപേരുടെ ആള്‍ജാമ്യം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും സുരേന്ദ്രനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുറന്നകോടതിയിലാണ് വിധി പ്രസ്താവം കോടതി തയ്യാറാക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് പുറത്തിറങ്ങണമെങ്കില്‍ സമയമെടുക്കും. അതിനാല്‍ ഇന്ന് സുരേന്ദ്രന്‍ ജയില്‍ മോചിതനാവാനുള്ള സാധ്യത കുറവാണ്.

ശബരിമലയില്‍ ലളിതയെന്ന യുവതിയ്ക്കുനേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ. സുരേന്ദ്രനെതിരെ പതിനഞ്ചു കേസുകളാണ് ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 21 ദിവസമായി ജയിലിലായിരുന്നു സുരേന്ദ്രന്‍. മറ്റു കേസുകളില്‍ നേരത്തെ തന്നെ സുരേന്ദ്രന്‍ ജാമ്യം നേടിയിരുന്നു.

Also Read:ബുലന്ദ്ശഹര്‍: കൊല്ലപ്പെട്ട പൊലീസുകാരന്‍ ഹിന്ദു പരിപാടികളുമായി സഹകരിക്കാത്തയാള്‍; സ്ഥലംമാറ്റാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കള്‍

ലളിതയ്‌ക്കെതിരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം നേടിയതോടെ കെ. സുരേന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിവെച്ചിരിക്കുകയാണ്.

ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമായിരുന്നു സുരേന്ദ്രനെതിരെ ഉന്നയിച്ചത്. സുരേന്ദ്രന്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും നിയമത്തെ വെല്ലുവിളിക്കുന്നതാണ് സുരേന്ദ്രന്റെ പ്രവൃത്തിയെന്നും കോടതി വിമര്‍ശിച്ചിരുന്നു.

വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്.