കോട്ടയത്ത് ചികിത്സയിലിരുന്ന ദമ്പതികള്‍ രോഗമുക്തരായി; ആശ്വാസമായി പരിശോധനാഫലം നെഗറ്റീവ്
COVID-19
കോട്ടയത്ത് ചികിത്സയിലിരുന്ന ദമ്പതികള്‍ രോഗമുക്തരായി; ആശ്വാസമായി പരിശോധനാഫലം നെഗറ്റീവ്
ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 9:23 pm

കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ രോഗ വിമുക്തരായി. മാര്‍ച്ച് എട്ടിനായിരുന്നു ദമ്പതികളെ കൊവിഡ് സംശയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആദ്യ നാല് സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

തുടര്‍ന്ന് മാര്‍ച്ച് 18,20 തിയതികളില്‍ ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവാവുകയായിരുന്നു. പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നെത്തിയ കൊവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ദമ്പതികള്‍ക്കും വൈറസ് ബാധയുണ്ടായത്.

അതേസമയം, കേരളത്തില്‍ ഒമ്പത് പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് രണ്ട് പേര്‍, എറണാകുളത്ത് മൂന്ന് പേര്‍, പത്തനംതിട്ടയില്‍ രണ്ട് പേര്‍, ഇടുക്കിയില്‍ ഒരാള്‍, കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് ഇന്നത്തെ കണക്കുകള്‍.

നാല് പേര്‍ ദുബായില്‍ നിന്നാണ്. ഒരാള്‍ യു.കെ, ഒരാള്‍ ഫ്രാന്‍സ്. മൂന്നാള്‍ക്ക് കോണ്ടാക്ടിലൂടെയാണ് രോഗം ലഭിച്ചത്. 12 പേരുടെ രോഗം സുഖപ്പെട്ടു. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്.

ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളില്‍. 542 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു.

സംസ്ഥാനത്താകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേര്‍ വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്ടാക്ട് മൂലമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ