ആ സ്വീക്വന്‍സില്‍ നിമിഷ ഉടുക്കുന്ന സാരി അന്നത്തെ ഫാഷനാണ്; മാലിക് വിശേഷങ്ങളുമായി കോസ്റ്റ്യൂം ഡിസൈനര്‍ ധന്യ ബാലകൃഷ്ണന്‍
Movie Day
ആ സ്വീക്വന്‍സില്‍ നിമിഷ ഉടുക്കുന്ന സാരി അന്നത്തെ ഫാഷനാണ്; മാലിക് വിശേഷങ്ങളുമായി കോസ്റ്റ്യൂം ഡിസൈനര്‍ ധന്യ ബാലകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th July 2021, 9:56 pm

കൊച്ചി: വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച സിനിമയാണ് മഹേഷ് നാരായണന്‍ ചിത്രമായ മാലിക്. അതേ കാലഘട്ടത്തിന് അനുസരിച്ചായിരുന്നു ചിത്രത്തിന്റെ വസ്ത്രാലങ്കാരവുമെന്ന് പറയുകയാണ് മാലികിന്റെ കോസ്റ്റ്യൂം ഡിസൈനറായ ധന്യ ബാലകൃഷ്ണന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധന്യയുടെ പ്രതികരണം.

മാലികിലെ കോസ്റ്റ്യൂം ഡിസൈനിംഗ് ഒരു ചലഞ്ചായിരുന്നു. ബീമാപ്പള്ളി ഭാഗത്തുള്ള ആളുകള്‍ ആ സമയത്ത് ഉപയോഗിച്ചിരുന്ന കോസ്റ്റ്യൂംസ് ഉപയോഗിക്കുക എന്നതായിരുന്നു വെല്ലുവിളി.

ചിത്രത്തില്‍ നിമിഷയെ നോക്കിയാല്‍ മനസിലാകും. നിമിഷക്ക് ചേരുന്ന നിറമല്ല ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ അവിടെയുള്ള ആളുകള്‍ എന്താണോ ഉപയോഗിച്ചിരുന്നത് ആ നിറങ്ങള്‍ തന്നെയാണ് കഥാപാത്രങ്ങള്‍ക്കും ഉപയോഗിച്ചത്.

റോസ്‌ലിന്റെയും സുലൈമാന്റെയും കുട്ടി മരിക്കുന്ന സ്വീക്വന്‍സില്‍ നിമിഷ ഉടുക്കുന്ന സാരി അന്നത്തെ ഫാഷനാണ്. അല്ലാതെ കുട്ടി മരിച്ച സ്വീക്വന്‍സ് ആണെന്ന് കരുതി ഒരു മങ്ങിയ നിറം ഉപയോഗിച്ചിട്ടില്ല.

ചില സിനിമകളില്‍ മരണ രംഗങ്ങളിലൊക്കെ ഡള്‍ കളര്‍ ഉപയോഗിക്കാറുണ്ട്. മനഃപൂര്‍വം അങ്ങനെ തന്നെ ചെയ്യുന്നതാണ്. എന്നാല്‍ മാലികിനെ സംബന്ധിച്ചിടത്തോളം റിയലിസ്റ്റിക് ആയിട്ടുള്ള ഒരു രീതിയാണ് സ്വീകരിച്ചത്.

നിമിഷയുടെ കമ്മലൊക്കെ പ്രത്യേകം പറഞ്ഞ് നിര്‍മ്മിച്ചതാണ്. അന്നത്തെ കാലത്ത് നീളമുള്ള മാലക്കൊപ്പം വലിയൊരു ലോക്കറ്റ് ഉപയോഗിക്കുകയായിരുന്നു ഫാഷന്‍. അതുകൊണ്ട് തന്നെ ആ രീതിയില്‍ തന്നെയാണ് മാലകളും ലോക്കറ്റുമൊക്കെ അങ്ങനെയാണ് ഡിസൈന്‍ ചെയ്തത്,’ ധന്യ പറഞ്ഞു.

മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച മാലിക് ജൂലൈ 15നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Costume Designer Dhanya Balakrishnan About Malik