അഴിമതിക്കാര്‍ മോദിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്: നരേന്ദ്ര മോദി
national news
അഴിമതിക്കാര്‍ മോദിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്: നരേന്ദ്ര മോദി
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 5:57 pm

ചണ്ഡീഗഡ്: അഴിമതിക്കാരായ ആളുകള്‍ കുഴപ്പത്തിലാണെന്നും അതിന് താനാണ് കാരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനത്ത് വികസ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങിന് ശേഷം നടന്ന റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന.

ഹരിയാനയിലെ ജാജ്ജറില്‍ നാഷണല്‍ കാന്‍സര്‍ സെന്റര്‍, കുരുക്ഷേത്രയില്‍ ആയുഷ് യൂണിവേഴ്‌സിറ്റി, കര്‍ണാലില്‍ ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാല, പഞ്ച്കുളയില്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫരീദാബാദില്‍ മെഡിക്കല്‍ കോളേജ് എന്നിങ്ങനെ അഞ്ച് സ്ഥാപനങ്ങള്‍ക്കാണ് മോദി ഇന്ന് ഹരിയാനയില്‍ തറക്കല്ലിട്ടത്.

Also Read അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്

തന്റെ സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണെന്നും പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകള്‍ക്ക് സ്വന്തം പേരില്‍ വീടു ലഭിച്ചെന്നും മോദി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന.

ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന ആദ്യത്തെ സര്‍ക്കാര്‍ തങ്ങളുടേതാണെന്നും മോദി പറഞ്ഞു. സ്ത്രീശാക്തീകരണത്തിനായി സംസ്ഥാനത്ത് മുഖ്യമന്ത്രി ലാല്‍ ഖട്ടര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തു.