മുംബൈയിലെ ചേരികളില്‍ 57 ശതമാനം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു; ശരീരത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യമെന്ന് പഠനം
COVID-19
മുംബൈയിലെ ചേരികളില്‍ 57 ശതമാനം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു; ശരീരത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യമെന്ന് പഠനം
ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 8:15 am

മുംബൈ: നഗരത്തിലെ ചേരികളില്‍ 57 ശതമാനം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. 7000ത്തോളം ആളുകളില്‍ നടത്തിയ മെഡിക്കല്‍ സര്‍വെയില്‍ മുംബൈ നഗരത്തില്‍ താമസിക്കുന്ന ആറില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ ആദ്യ രണ്ട് ആഴ്ചകളിലായാണ് റാന്‍ഡം സര്‍വെ നടത്തിയത്. നിതി ആയോഗ്, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവ ചേര്‍ന്നാണ് പഠനം നടത്തിയത്. മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളിലെ സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു സര്‍വെ.

പൊതുജനങ്ങളില്‍ ഏതെങ്കിലും ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോ എന്ന് രക്ത സാമ്പിളുകളെടുത്താണ് പരിശോധിച്ചത്. നേരത്തെ രോഗം വന്നിട്ടുള്ളവരിലാണ് ആന്റിബോഡികള്‍ ഉണ്ടാവുക. പൊതുജനങ്ങളില്‍ രോഗവ്യാപനം എത്രത്തോളമുണ്ടായി എന്ന് മനസിലാക്കുന്നതിന് മാത്രമല്ല, പ്രതിരോധശേഷി കൈവരിക്കുന്നതിലേക്ക് പൊതു അവസ്ഥ മാറുന്നുണ്ടോ എന്നറിയാനും ഇത് ഉപകരിക്കും.

ആന്റിബോഡികള്‍ സ്ത്രീകളുടെ ശരീരത്തിലാണ് കൂടുതലായി കണ്ടെത്തിയതെന്നാണ് സര്‍വെ ഫലം പറയുന്നത്. സര്‍വെ നടത്തിയവരില്‍ ഭൂരിഭാഗത്തിനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.

മുംബൈയില്‍ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളക്. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ ഏഴ് ശതമാനവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും മുംബൈയിലാണ്. ഇതുവരെ ആറായിരത്തിലധികം മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

1.2 കോടി ജനങ്ങളുള്ള ഈ നഗരത്തില്‍ 65 ശതമാനം ആളുകളും താമസിക്കുന്നത് ചേരികളിലാണ്. മറ്റ് പ്രദേശങ്ങളിലായി 60 ലക്ഷത്തോളം ആളുകളും താമസിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ