മോദി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നോ? പൂര്‍വ്വികര്‍ പങ്കെടുത്തിരുന്നോ? ബി.ജെ.പിയുടെ രാജ്യസ്‌നേഹ അവകാശവാദത്തെ ചോദ്യം ചെയ്ത് കൈരാനയിലെ വൃദ്ധന്‍- വീഡിയോ കാണാം
national news
മോദി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നോ? പൂര്‍വ്വികര്‍ പങ്കെടുത്തിരുന്നോ? ബി.ജെ.പിയുടെ രാജ്യസ്‌നേഹ അവകാശവാദത്തെ ചോദ്യം ചെയ്ത് കൈരാനയിലെ വൃദ്ധന്‍- വീഡിയോ കാണാം
ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2019, 10:31 am

 

കൈരാന: മോദി സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും രാജ്യസ്‌നേഹ അവകാശവാദത്തെ ചോദ്യം ചെയ്ത് കൈരാനയിലെ വൃദ്ധന്‍. പുല്‍വാമയും തുടര്‍ന്നുള്ള സംഭവങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ദ വയറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:

“പുല്‍വാമ ഒരു തെരഞ്ഞെടുപ്പ് പ്രശ്‌നമല്ല. മോദിയേക്കാളും ബി.ജെ.പിയേക്കാളും വലിയ രാജ്യസ്‌നേഹികളാണ് ഞങ്ങള്‍. മോദിജിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണോ? 1971ല്‍ മോദിജി എവിടെയായിരുന്നു? 1965ല്‍ മോദിജി എവിടെയായിരുന്നു? പാര്‍ട്ടികള്‍ വരും പോകും. മോദിജിയുടെ പിടിയില്‍ ഒന്നും തന്നെയില്ല. നമ്മുടെ പട്ടാളക്കാര്‍ രാജ്യത്തിനുവേണ്ടി പൊരുതുകയാണ്. ഞങ്ങളുടെ മക്കള്‍ രക്തസാക്ഷികളാവുകയാണ്. സത്യസന്ധതയില്ലാത്ത ഈ ആളുകളാണ് അവരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി. 1918ല്‍ ജീവന്‍ നഷ്ടമായതുപോലെ സ്വാതന്ത്ര്യത്തിനുശേഷം പിന്നീടൊരിക്കലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല.

സ്വയം പൊങ്ങച്ചം പറയാനുള്ള അധികാരം അവര്‍ക്കുണ്ട്. സായുധസേനയ്ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയെന്ന് അവര്‍ പറയും. സൈന്യം അവര്‍ക്കെതിരെ എന്തെങ്കിലും പറയുകയാണെങ്കില്‍ അവര്‍ സൈനികരെ തടവിലിടുകയും ചെയ്യും. ഇവരാണോ ദേശഭക്തര്‍ അതോ നമ്മളോ? എങ്ങനെയാണ് ഇവരൊക്കെ ദേശസ്‌നേഹികളാകുന്നത്? സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ഇവരാരെങ്കിലും ജയിലിലായിട്ടുണ്ടോ? അല്ലെങ്കില്‍ ഇവരുടെ പൂര്‍വ്വികര്‍ ജയിലില്‍ പോയിട്ടുണ്ടോ? സ്വാതന്ത്ര്യ സമരകാലത്ത് ഞങ്ങളാണ് ജയിലില്‍ പോയത്.

ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്, അന്ന് ഗോതമ്പ് വന്നിരുന്നത് അമേരിക്കയില്‍ നിന്നാണ്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ഇപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഞങ്ങള്‍ക്ക് ഗോതമ്പ് വില്‍ക്കാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ അവരാണോ ഞങ്ങളാണോ ദേശസ്‌നേഹികള്‍? ഞങ്ങളെയായിരുന്നു അതിര്‍ത്തികളില്‍ പോസ്റ്റു ചെയ്തത്? ഞങ്ങള്‍ അതിര്‍ത്തിയില്‍ പൊരുതിയിട്ടുണ്ട്. ഇപ്പോള്‍ പൊരുതുന്നവര്‍ ഞങ്ങളുടെ മക്കളുമാണ്.

മോദിജി പാക്കിസ്ഥാനോട് പ്രതികാരം ചെയ്തില്ലേ? എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കുന്നത് ഇങ്ങനെയാണ്:

ഒന്നിനും പ്രതികാരം ചെയ്തിട്ടില്ല. ഇന്ദിരാഗാന്ധിയാണ് പ്രതികാരം ചെയ്തത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് പ്രതികാരം ചെയ്തത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭരിക്കുന്ന കാലത്ത് ലാഹോറില്‍ നമ്മുടെ കൊടി ഉയര്‍ത്തി. 1971ല്‍ ഇന്ദിരാജിയുടെ കാലത്ത് അവര്‍ പാക്കിസ്ഥാനെ അവരുടെ സ്വദേശത്തുവെച്ച് ആക്രമിച്ചു.