Administrator
Administrator
കോപ്പ : കാല്‍പന്ത് കളിയുടെ കാല്‍പ്പനിക വസന്തം
Administrator
Friday 1st July 2011 8:42pm

വിബീഷ് വിക്രം

പച്ചപ്പുല്‍മൈതാനത്ത് പാറിനടന്ന് എതിര്‍വല നിറയെ ഗോളുകള്‍ നിറച്ച് ഹാട്രിക്ക് കിരീടവും കൊത്തിയെടുത്ത് കൂടണയാനെത്തുന്ന കാനറിപ്പക്ഷികള്‍…18 വര്‍ഷത്തെ കിരീട ദാരിദ്രത്തിന് കണക്ക് തീര്‍ക്കാന്‍ കാല്‍പന്ത് കളിയുടെ മിശിഹാ മെസ്സിയുടെ ചിറകേറിയെത്തുന്ന അര്‍ജന്റീന…പ്രതാപകാലത്തെ ചിറകടിയൊച്ചകള്‍ പുതുനൂറ്റാണ്ടിലും മുഴക്കാന്‍ പാരമ്പര്യത്തിന്റെ പ്രൗഢിയുമായെത്തുന്ന ഉറുഗ്വായ്…അതിഥികളായെത്തി ഗ്യാലറിയില്‍ അലയൊലികള്‍ തീര്‍ത്ത് യുവത്വത്തിന്റെ കരുത്തില്‍ പുതുചരിത്രം രചിക്കാനെത്തുന്ന മെക്‌സിക്കോ…മൂന്നാമതൊരുതവണകൂടി കപ്പില്‍ മുത്തമിടാന്‍ കൊതിച്ച് ആതിഥേയരുടെ അതിര്‍ത്തി കടന്നെത്തുന്ന പരാഗ്വായ്…പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് ചില ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ആവനാഴിയില്‍ അസ്ത്രങ്ങള്‍ ഒളിപ്പിച്ച് പ്രഥമ കിരീടം തേടിയെത്തുന്ന ചിലി…കൊളംബിയ ,ബൊളീവിയ,പെറു ,എന്നിങ്ങനെ 12 ടീമുകള്‍,24 രാപ്പകലുകള്‍ 24 മത്സരങ്ങള്‍..ലാറ്റിനമേരിക്കയുടെ സ്വന്തം ലോകക്കപ്പിന് ജൂലായ് ഒന്നിന് അര്‍ജന്റീനയില്‍ തിരശ്ശീലയുയരുകയായി. ലോകമെമ്പാടുമുള്ള കളിപ്രേമികളുടെ കണ്ണുകളിനി മൂന്നാഴ്ചക്കാലം ദീര്‍ഘചതുരത്തിനകത്ത് നൃത്തച്ചുവടുകളുമായി ഒഴുകിപ്പരക്കുന്ന സുന്ദരപാദചലനങ്ങളുടെ പിറകേയാവും. കാതുകള്‍ അലതല്ലുന്ന ആവേശത്തിന്റെ നേര്‍ത്ത സ്പന്ദനങ്ങള്‍ പോലും ഒട്ടും ചോരാതെ ഒപ്പിയെടുക്കാനുള്ള പരിശ്രമത്തിലും.

പന്ത്രണ്ട് ടീമുകളാണ് ലോകത്തേറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ കിരീടം തേടി മാറ്റുരയ്ക്കാനെത്തുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നും പത്തും പ്രത്യേക ക്ഷണിതാക്കളായി മെക്‌സിക്കോയും കോസ്റ്റാറിക്കയും. ഏഷ്യന്‍ സാന്നിദ്ദ്യമാവേണ്ടിയിരുന്ന ജപ്പാന്‍ പിന്‍വാങ്ങിയപ്പോഴാണ് കോസ്റ്റാറിയ്ക്ക്ക്കിത്തവണ അവസരം കൈവന്നത്. ചിരവൈരികളും ലോകഫുട്‌ബോളിലെ ഗ്ലാമര്‍ ടീമുകളുമായ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സാന്നിദ്ധ്യമാണ് എന്നും കോപ്പയെ മറ്റ് ടൂര്‍ണ്ണമെന്റുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഇരുരാജ്യങ്ങളും കാല്‍പന്തുകളിയിലെ മേധാവിത്വത്തിനായി 90 മിനുട്ട് കൈമെയ്യ് മറന്ന് കളിക്കുമ്പോള്‍ , അത് ലോകഫുട്‌ബോളിലെ ക്ലാസ്സിക് പോരാട്ടങ്ങളാവുന്നു. കഴിഞ്ഞ രണ്ട് തവണയും അര്‍ജന്റീനയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം ചൂടിയത്. ഹാട്രിക്ക് തികയ്ക്കാമെന്ന മോഹത്തോടെയെത്തുന്ന ബ്രസീലിനെ തടയിടാന്‍ , നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അര്‍ജന്റീനക്കാവുമോ…

ഇത്തവണ അര്‍ജന്റീന ഒരുങ്ങിത്തന്നെയാണെത്തുന്നത്. ടൂര്‍ണ്ണമെന്റിന് മുന്‍പ് നടന്ന സന്നാഹമത്സരങ്ങളിലെ മികവ് നോക്കുമ്പോള്‍ അര്‍ജന്റീനയെ പിടിച്ച് കെട്ടാന്‍ എതിര്‍ ടീമുകള്‍ നന്നായി വിയര്‍ക്കേണ്ടിവരും. മറഡോണയുടെ അരുമ ശിഷ്യന്‍ ബാഴ്‌സലോണയുടെ തുറുപ്പ് ചീട്ട് കളിമികവ് കൊണ്ട് ഫുട്‌ബോളിലെ മിശിഹാ എന്ന പേര് സമ്പാദിച്ച ലയണല്‍ മെസ്സിയുടെ മിന്നും ഫോം അര്‍ജന്റീനക്ക് കാര്യങ്ങള്‍ കുറെക്കൂടി അനുകൂലമാക്കുന്നു. സ്വന്തം കാണികളുടെ ശക്തമായ പിന്‍ബലം അര്‍ജന്റീനയെ കപ്പ് നേടാന്‍ സാദ്ധ്യത കല്‍പ്പിക്കുന്നവരില്‍ ഒന്നാമതെത്തിക്കുന്നു. നാട്ടില്‍ 8 പ്രാവശ്യം കോപ്പ അമേരിക്ക നടന്നപ്പോള്‍ അതില്‍ 6 തവണയും കിരീടമുയര്‍്ത്തിയെന്ന കണക്ക് അര്‍ജന്റീനക്കനുകൂലമാണ്. കണക്കുകള്‍ക്കപ്പുറം കളിയുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്ക ലോകക്കപ്പിലെ ഹാട്രിക്ക് വീരന്‍ ഗോണ്‍സാലോ ഹ്വിഗ്വിന്‍ ,മഞ്ചസ്റ്റര്‍ സിറ്റിയുടെ കാര്‍ലോസ് ടെവസ് എന്നിവരോടൊപ്പം മെസ്സിയും കൂടിച്ചേരുമ്പോള്‍ എതിര്‍ ഗോള്‍ പോസ്റ്റില്‍ ഗോളുകളുടെ ചാകര വിട്ടൊഴിയില്ലെന്നും അതുവഴി സീനിയര്‍തലത്തില്‍ 18 വര്‍ഷത്തെ കിരീട ദാരിദ്രത്തിനു വിരാമമിടാമെന്നും അര്‍ജന്റീനന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ ബ്രസീലിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും മിടുക്കനായ പ്ലേമേക്കര്‍ കക്കാ, കരിയിലകിക്കുകളിലൂടെ എതിര്‍ ടീമിന്റെ സ്വപ്‌നം കരിയിക്കുന്ന മുന്‍ ലോക ഫുട്‌ബോളര്‍ റൊണാള്‍ഡീന്യോ എന്നിവരില്ലാതെ ഒരൂപറ്റം ചെറുപ്പക്കാരുമായാണ് ബ്രസീലിന്റെ വരവ്. നാട്ടില്‍ നടക്കുന്ന അടുത്ത ലോകക്കപ്പ് ഉന്നം വച്ചാണ് ബ്രസീല്‍ കോച്ച് മാനോ മെനേസസ് പുതുരക്തത്തിന് പ്രാമുഖ്യം നല്‍കി ടീമിനെ പ്രഖ്യാപിച്ചത്. കോപ്പയ്ക്ക് മുന്‍പ് നടന്ന സന്നാഹമത്സരത്തില്‍ ഏറെ പരിതാപകരമായിരുന്നു മെനേസസിന്റെ യുവതലമുറയുടെ പ്രകടനം. ഹോളണ്ടിനെതിരായ അവസാന സന്നാഹ മത്സരം സമനിലയിലവസാനിച്ചപ്പോള്‍ കൂവിവിളിച്ചാണ് ആരാധകര്‍ ടീമിനെയും കോച്ചിനെയും യാത്രയാക്കിയത്. ഇങ്ങനെയൊക്കെയയാണെങ്കിലും ഫുട്‌ബോള്‍ പ്രതിഭകളുടെ കാര്യത്തിലെന്നും പഞ്ഞമില്ലാത്ത നാടാണ് ബ്രസീല്‍. പിന്‍നിരയില്‍ ബാഴ്‌സലോണയുടെ ഡാനിയല്‍ ആല്‍വ്‌സും ഇന്റര്‍മിലാന്റെ മൈക്കോണും ലൂസിയാവോയും ചേരുമ്പോള്‍ കോപ്പയിലെ ഏറ്റവും മികച്ച പ്രതിരോധനിര ബ്രസീലിന്റേതാണെന്ന് നിസ്സംശയം പറയാം. മുന്‍നിരയില്‍ റൊബീഞ്ഞോയും പുത്തന്‍ വാഗ്ദാനങ്ങളായ നെയ്മറും പാറ്റോയും ഒന്നിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും കിരീടത്തില്‍ മുത്തമിടാമെന്നാണ് ബ്രസീല്‍ കരുതുന്നത്.

ഒരുകാലത്ത് ലോക ഫുട്‌ബോളില്‍ തോല്‍പ്പിക്കാനേറെ പ്രയാസമുള്ള ടീമായിരുന്നു ഉറുഗ്വായ്. കോപ്പയിലെ കിരീട നേട്ടത്തില്‍ ബ്രസീലിനെക്കാളും ഏറെ മുന്നിലാണ് ഉറുഗ്വായ്‌യുടെ സ്ഥാനം എന്നത് അവരുടെ പാരമ്പര്യത്തിന്റെ മോല്‍ക്കോയ്മക്കുള്ള തെളിവാണ്. സ്വര്‍ണ്ണ തലമുടിക്കാരന്‍ ഡിയാഗോ ഫോര്‍ലാന്‍ എന്ന ഫോര്‍വേഡിന്റെ പിന്നില്‍അണിനിരക്കുന്ന ഉറുഗ്വായ് പ്രതാപകാലത്തിന്റെ പ്രൗഢിയിലേക്ക് തിരികെ നടക്കാനുള്ള പരിശ്രമത്തിലാണ്. അതിന് 15-ാം കിരീടനോട്ടത്തോടെ ആക്കംകൂട്ടാം എന്ന പ്രതീക്ഷയിലാണ് ഉറുഗ്വായ്.

കഴിഞ്ഞ ലോകക്കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി ,ചാംപ്യന്‍മാരായ ബ്രസീലിനോട് ഒരു ഗോളിന് തോറ്റ് പുറത്ത് പോകേണ്ടിവന്ന ഗോളടിക്കും ഗോളി ചിലാവര്‍ട്ടിന്റെ പിന്‍മുറക്കാരായ പരാഗ്വായ്..അടുത്തിടെ നടന്ന ഗോള്‍ഡ് കപ്പില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം 4 ഗോളുകള്‍ അടിച്ച് കൂട്ടി അമേരിക്കയെ തകര്‍ത്ത് കിരീടം ചൂടി ,കോപ്പയിലും കിരീടനേട്ടം ആവര്‍ത്തിക്കാനെത്തുന്ന മെക്‌സിക്കോ…ഒരിക്കല്‍പ്പോലും കോപ്പ അമേരിക്ക കിരീടം നേടിയിട്ടില്ലേലും ദക്ഷിണാഫ്രിക്ക ലോകക്കപ്പില്‍ രണ്ടാം റൗണ്ട് വരെയെത്തിയ പ്രകടനം ആവര്‍ത്തിക്കാനുറച്ചെത്തുന്ന ആതിഥേയരായ അര്‍ജന്റീനയുടെ അയല്‍ക്കാരായ ചിലി..യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ ശൈലികളുടെ സങ്കലനമായ ഗെയിമുമായെത്തുന്ന ഇക്വാഡര്‍..

പട്ടിക നീളുന്നു. മത്സരത്തിലേക്കുള്ള നിമിഷങ്ങള്‍ കുറയുന്നു. കാതോര്‍ക്കാം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ കിരീടത്തിനായ് കൊമ്പ് കോര്‍ക്കുന്ന ലോകഫുട്‌ബോളിലെ അതികായന്‍മാരുടെ ചിന്നം വിളികള്‍ക്കായി….കണ്‍മിഴിക്കാം കാല്‍പന്തുകളിയില്‍ കാല്‍പ്പനിക വസന്തം തീര്‍ത്ത് രചിക്കുന്ന കളിക്കളത്തിലെ സുന്ദരപാദചലനങ്ങളുടെ പുത്തന്‍ കവിതകള്‍ക്കായി…

Advertisement