കാത്തു കാത്തിരുന്നു കുക്കിന്റെ സെഞ്ച്വറി; ആഷസില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
THE ASHES
കാത്തു കാത്തിരുന്നു കുക്കിന്റെ സെഞ്ച്വറി; ആഷസില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th December 2017, 11:23 am

മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു.

നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് 327 റണ്‍സിന് അവസാനിച്ചിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് നാലു വിക്കറ്റ് വീഴ്ത്തി. സ്മിത്തും (76) മാര്‍ഷും (61) പുറത്തായ ശേഷം ഓസീസ് നിരയില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് കുക്കിന്റെ പ്രകടനത്തോടെ മികച്ച അടിത്തറ പാകി. കഴിഞ്ഞ ആറു ടെസ്റ്റുകളിലും പൂര്‍ണ്ണ പരാജയമായ കുക്കിന്റെ തിരിച്ചുവരവായിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ സവിശേഷത. 151 ാം ടെസ്റ്റ് കളിക്കുന്ന കുക്ക് 32 ാം ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചത്.

സെഞ്ച്വറികളുടെ എണ്ണത്തില്‍ സ്റ്റീവ് വോയുടെ റെക്കോഡിനൊപ്പമാണ് 33 കാരനായ കുക്ക്. മോശം ഫോമിനെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിടവേ ഈ സെഞ്ച്വറി താരത്തിന് ആശ്വാസമാകും.

51 സെഞ്ച്വറികളുമായി സച്ചിനാണ് പട്ടികയില്‍ മുന്നില്‍.