എ പി ഭവിത
എ പി ഭവിത
Environment
മലബാര്‍- ബാംഗ്ലൂര്‍ റെയില്‍പ്പാത എതിര്‍പ്പിന് പിന്നിലെന്ത്?
എ പി ഭവിത
Tuesday 13th February 2018 4:00pm

മൈസൂര്‍-തലശ്ശേരി റെയില്‍വേ പാത നിര്‍മ്മിക്കുന്ന പദ്ധതി സജീവ ചര്‍ച്ചാ വിഷയമായപ്പോഴാണ് കര്‍ണ്ണാടകയിലെ കുടകില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. മലബാറില്‍ നിന്നും ബാംഗ്ലൂരിലേക്ക് റെയില്‍പ്പാത നിര്‍മ്മിക്കുകയെന്ന നീണ്ട കാലത്തെ ആവശ്യമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കുകയും പണം വകയിരുത്തുകയും ചെയ്ത നിലമ്പൂര്‍- നഞ്ചന്‍കോഡ് പാതക്കെതിരെയും പ്രതിഷേധമുണ്ടായിരുന്നു. പ്രകൃതിക്ക് ദോഷം ചെയ്യുമെന്നതായിരുന്നു ഇതിന് കാരണം.
തലശ്ശേരി- മൈസൂര്‍ റെയില്‍പ്പാത കുടകിന്റെ ജൈവവൈവിധ്യത്തെ നശിപ്പിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിക്കെതിരെ കര്‍ണാടക വ്യവസായ മന്ത്രി ആര്‍. വി. ദേശ്പാണ്ഡെ തന്നെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചു. ആനത്താരയിലൂടെയാണ് പദ്ധതി കടന്നു പോകുന്നതെന്ന് കര്‍ണാടകയിലെ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ പരിഗണനയിലുണ്ടായിരുന്ന നിലമ്പൂര്‍- നഞ്ചന്‍കോഡ് പാത ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെ പാത കടന്നു പോകുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ണ്ണാടക സര്‍ക്കാറും രംഗത്തെത്തിയതോടെയാണ് ആ പദ്ധതി പ്രതിസന്ധിയിലായത്.

ഇതിനിടെയാണ് മൈസൂര്‍-തലശ്ശേരി റെയില്‍വേ പാതക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഒന്നരക്കോടി രൂപ ചിലവിട്ട് പ്രാഥമിക സര്‍വ്വേ പൂര്‍ത്തിയാക്കിയത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനായിരുന്നു സര്‍വ്വെ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ണാടക ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ കേരളത്തിന്റെ പ്രധാന വാദം ഇതു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് സര്‍വേ ആരംഭിച്ചതെന്നാണ്.

മലബാറില്‍ നിന്ന് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താവുന്ന ഈ പാതയ്ക്ക് 6685 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. എന്നാല്‍ ഈ  പാത പ്രായോഗികമല്ലെന്ന് ഡി. എം. ആര്‍. സി നടത്തിയ പഠനത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. അമ്പത് ലക്ഷം രൂപയാണ് ചിലവിട്ടാണ് ഈ പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് രണ്ടാമത്തെ സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഈ പഠന റിപ്പോര്‍ട്ടിനെതിരെയും വിമര്‍ശനമുണ്ട്. മൈസൂരിനടുത്ത് പെരിയപട്ടണം വരെയാണ് ആദ്യഘട്ട സര്‍വ്വെ നടത്തിയത്. ഇതില്‍ പെരിയപട്ടണത്ത് നിലവില്‍ റെയില്‍വേ ലൈന്‍ ഇല്ല. സംയുക്ത സംരംഭമായ പദ്ധതി സാമ്പത്തിക നഷ്ടമാകുമെന്നാണ് കര്‍ണാടകയും ആശങ്ക.

നിലമ്പൂര്‍- നഞ്ചന്‍കോട് പാതയ്ക്ക എന്തു സംഭവിച്ചു?

മൈസൂര്‍- തലശ്ശേരി റെയില്‍പാത ചര്‍ച്ച സജീവമാകുമ്പോള്‍ തന്നെയാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാതയാണ് വേണ്ടതെന്ന് വാദവുമായി മറ്റൊരു വിഭാഗം സജീവമാകുന്നത്. വളരെ നാളായുള്ള ആവശ്യമാണ് ഈ പാത. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കുള്ള യാത്ര ദൂരം കുറയുമെന്നതിന് ഒപ്പം ചരക്ക് നീക്കം എളുപ്പമാക്കുമെന്നതുമാണ് റെയില്‍വേ പാതയുടെ ആവശ്യം ശക്തമാക്കുന്നതിന് കാരണം.

നിലമ്പൂര്‍- നഞ്ചന്‍കോട് പാതക്ക് 3000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഈ പാത ലാഭകരമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് താല്പര്യമുണ്ടായില്ലെന്നാണ് വിമര്‍ശനം. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡി. എം. ആര്‍. സി വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നെങ്കിലും തുക നല്‍കിയില്ല. ഇതോടെ ഡി.എം. ആര്‍. സി പദ്ധതിയില്‍ നിന്നും പിന്‍മാറി. പദ്ധതി നടപ്പാക്കുന്നത് വൈകിയതോടെ കേന്ദ്രം അനുവദിച്ച പണം നഷ്ടപ്പെട്ടു.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ സമര്‍പ്പിച്ച പദ്ധതി പട്ടികയില്‍ നിലമ്പൂര്‍ പാത ഉണ്ടായിരുന്നില്ല. മറ്റ് നാല് പാതകള്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാതകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

ഇ. ശ്രീധരന്‍

മൈസൂര്‍- സുല്‍ത്താന്‍ബത്തേരി- നഞ്ചന്‍കോട് ബന്ധിപ്പിക്കുന്ന പാതക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. കര്‍ണാടകത്തില്‍ നിന്ന് തന്നെയായിരുന്നു ഈ പാതക്കെതിരെ പ്രധാനമായും എതിര്‍പ്പ് ഉയര്‍ന്നത്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതവും ഈ പദ്ധതി പ്രദേശത്ത് ഉള്‍പ്പെടുമെന്നതാണ് എതിര്‍പ്പിന് പ്രധാന കാരണം.

എന്നാല്‍ കടുവാ സങ്കേതത്തെ ദോഷകരമായി ബാധിക്കാത്ത വിധം നിര്‍മ്മാണം നടത്താമെന്നായിരുന്നു ഡി.എം.ആര്‍.സി നല്‍കിയിരുന്ന വാഗ്ദാനം. വന്യജീവി സങ്കേതത്തിലൂടെ പതിനൊന്ന് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ പാത നിര്‍മ്മിക്കാമെന്നായിരുന്നു പദ്ധതി.

തലശ്ശേരി പാതയെ അപേക്ഷിച്ച് പ്രകൃതിക്ക് ഗുണകരം നിലമ്പൂര്‍ പാതയാണെന്നാണ് കര്‍മസമിതി കണ്‍വീനര്‍, ടി. എം. റഷീദിന്റെ വാദം. ‘രണ്ട് പദ്ധതിയിലും കാട് ഉള്‍പ്പെടും. ടണല്‍ നിര്‍മ്മിക്കാമെന്നത് കൊണ്ട് തന്നെ നിലമ്പൂര്‍ പാത കാടിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കില്ല. ഇത് കൊച്ചി ബാംഗ്ലൂര്‍ പാതയാണ്. കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമാണ് ഈ പാത. പശ്ചിമഘട്ടത്തിലൂടെയുള്ള വാഹന ഗതാഗതം കുറയ്ക്കാന്‍ ഇതിലൂടെ കഴിയും. വയനാട്ടില്‍ നിന്നും മൈസൂരിലേക്ക നാല് റോഡുകളാണ് കാട്ടിലൂടെ പോകുന്നത്. ഇതില്‍ 156 കിലോമീറ്ററാണ് വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്നത്. റെയില്‍ പാത വരുന്നതോടെ പരിസ്ഥിതിക്കും ഗുണകരമാണെന്ന് വ്യക്തമാണല്ലോ’.

 

എന്നാല്‍ വടക്കന്‍ മലബാറിന്റെ വികസനത്തിന് തലശ്ശേരി- മൈസൂര്‍ പാത അനിവാര്യമാണെന്ന് എ. എന്‍. ഷംസീര്‍ എം എല്‍ എ പ്രതികരിച്ചു. ‘പാതക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ റെയില്‍വേ ലൈനും ആവശ്യമായി വരും. ഇതിലൂടെയെല്ലാം ബ്രിട്ടീഷുകാരുടെ കാലത്തെ പ്രതാപത്തിലേക്ക മലബാറിന് എത്തിച്ചേരാനാവും. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ശ്രമിക്കുന്നുണ്ട് ‘ അദ്ദേഹം പറഞ്ഞു.

എന്തായാലും വിവാദം കൊഴുക്കുമ്പോള്‍ റെയില്‍ പാത അനിവാര്യമാണെന്നാണ് യാത്രക്കാരും കച്ചവടക്കാരും പറയുന്നത്. താമരശ്ശേരി ചുരം വഴിയുള്ള ചരക്ക് വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെ കൂടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഒപ്പം പ്രകൃതിക്കും ദോഷം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള പരിഹാരം കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടേണ്ടത്.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.
Advertisement