Administrator
Administrator
രമ്യയ്ക്ക് പിന്നാലെ പൂജയും: കന്നഡയില്‍ വിവാദം തുടരുന്നു
Administrator
Saturday 4th June 2011 2:14pm

കന്നഡ സിനിമയില്‍ വിവാദങ്ങള്‍ക്ക് അവസാനമില്ല. കുറച്ച് ദിവസം മുമ്പ് നടി രമ്യയാണ് വിവാദങ്ങള്‍ക്ക് തിരിതെളിയിച്ചത്. ദണ്ഡം ദശഗുനം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായിട്ടായിരുന്നു പ്രശ്‌നം. എന്നാല്‍ രമ്യയ്ക്കു പുറമേ നടി പൂജ ഗാന്ധികൂടി വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

പൂജയുടെ കുടുംബ സുഹൃത്തും സിനിമാ വിതരണക്കാരനുമായ കിരണാണ് വിവാദ കഥയിലെ നായകന്‍. തന്റെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് പറഞ്ഞ് കിരണിനെതിരെ പൂജ പരാതി നല്‍കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒട്ടു വൈകിയില്ല, ഇതേ ആയുധം ഉപയോഗിച്ച് കിരണും തിരിച്ചടിച്ചു.

പൂജയുമായി ബന്ധപ്പെട്ടുണ്ടായ ഒരു കാറപകട വാര്‍ത്തയാണ് ഈ വിവാദങ്ങളുടെ തുടക്കം. ഈ കാര്‍ തന്റേതായിരുന്നെന്നും അപകടം വരുത്തിവച്ച പൂജ അപകടത്തില്‍പെട്ടയാളോട് മോശമായി പെരുമാറിയെന്നും കിരണ്‍ തുറന്നടിച്ചു.

‘പൂജ യാത്ര ചെയ്ത ചുവന്ന ഇന്നോവ കാര്‍ ഒരു വൃദ്ധന്റെ നേരെ ചെന്നിടിച്ചു. ഡ്രൈവറുടെ കുറ്റം കൊണ്ടാണ് അപകടമുണ്ടായത്. എന്നാല്‍ വൃദ്ധനോട് മാപ്പുപറയുന്നതിന് പകരം പൂജ ആയാളോട് കയര്‍ക്കുകയാണ് ചെയ്തത്. കാറിന്റെ രജിസ്‌ട്രേഷന്‍ പേപ്പറുകറളിലെ വിലാസം തന്റേതായതിനാല്‍ പോലീസ് തന്നെ തേടിവരികയും ഇതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു’. കിരണ്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതായിരുന്നു പൂജയുടെ വാദം. ഇങ്ങനെയൊരു അപകടം നടന്നിട്ടില്ലെന്നുമാത്രമല്ല, ഈ കാര്‍ തന്റെ അച്ഛന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൂജ തെളിവ് സഹിതം വ്യക്തമാക്കി. അതിനുശേഷം രജിസ്‌ട്രേഷന്‍ ഡോക്യുമെന്റിലെ അഡ്രസ് മാത്രമാണ് തന്റേതെന്ന തിരുത്തലുമായി കിരണ്‍ വീണ്ടുമെത്തി.

പൂജയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന വാര്‍ത്തയോട് കിരണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കിരണിന് ഇതിനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് മിണ്ടാതിരിക്കുന്നത്. താജ് മഹല്‍, ശ്രീ ഹരികഥൈ തുടങ്ങിയ ചിത്രങ്ങള്‍ തനിക്ക് ലഭിക്കാന്‍ കാരണം കിരണാണെന്ന് അയാള്‍ പറഞ്ഞ് നടക്കുന്നുണ്ടെന്നും പൂജ കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ സ്വയം ഈ നിലയിലെത്തിയതാണെന്നും ഇന്നത്തെ സ്ഥിതിയിലെത്താന്‍ വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പൂജ വ്യക്തമാക്കി. താന്‍ സിറ്റിയില്‍ ആദ്യമായി വന്നപ്പോള്‍ ഒരു വീടു കണ്ടെത്താന്‍ മാത്രമാണ് കിരണ്‍ സഹായിച്ചിട്ടുള്ളത്. തന്റെ ഇമേജ് തകര്‍ക്കാനാണയാള്‍ ശ്രമിക്കുന്നത്. ആയാള്‍ക്കെതിരെ താന്‍ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും പൂജ പറഞ്ഞു.

പൂജയ്ക്ക് ബുദ്ധിമുട്ടുണ്ടായ സമയത്തെല്ലാം താന്‍ അവരെ സഹായിച്ചിട്ടുണ്ടെന്നാണ് കിരണ്‍ ഇതിനു മറുപടി നല്‍കിയത്. ‘മുന്‍ഗരു മാലെ’ എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ പൂജയെ എനിക്കറിയാം. എന്റെ ഭാര്യാ സഹോദരന്‍ ഇ.കൃഷ്ണപ്പയാണ് ആ ചിത്രം നിര്‍മ്മിച്ചത്. ആക്ടര്‍ ഗണേഷുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ആ ചിത്രത്തില്‍ പൂജയ്ക്ക് അവസരം നിഷേധിച്ചിരുന്നു. എന്നാല്‍ ഞാനിടപെട്ടാണ് ആ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.’ കിരണ്‍ പറഞ്ഞു.

Advertisement