'ഞങ്ങള്‍ക്ക് ഉദ്ധവ് താക്കറെയില്‍ വിശ്വാസമുണ്ട്, ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കില്ല': ഗൗരവ് ഗൊഗോയ്
national news
'ഞങ്ങള്‍ക്ക് ഉദ്ധവ് താക്കറെയില്‍ വിശ്വാസമുണ്ട്, ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കില്ല': ഗൗരവ് ഗൊഗോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd June 2022, 6:25 pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധികള്‍ നിലനില്‍ക്കെ മഹാവികാസ് അഘാഡിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയില്‍ വിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യസര്‍ക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഇതിനിടെയാണ് ശിവസേനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന കോണ്‍ഗ്രസിന്റെ വാദം.

അതേസമയം സുസ്ഥിരമായ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ മഹാരാഷ്ട്രയില്‍ വിജയിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

വിമത ശിവസേന എം.എല്‍.എ ഏക് നാഥ് ഷിന്‍ഡെ 37 എം.എല്‍.എമാരോടൊപ്പം ഇപ്പോഴും ഗുവാഹത്തിയില്‍ തുടരുകയാണ്. ഏഴ് സ്വതന്ത്രരും ഇവരോടൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗൗരവ് ഗൊഗോയിയുടെ പ്രതികരണം.

‘ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ ശിവസേനയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. ഇത് ശിവസേനയുടെ ആഭ്യന്തര പ്രശ്‌നമാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഞങ്ങള്‍ എന്നും ആശയവിനിമയം നടത്താറുണ്ട്.

സുസ്ഥിരമായ സര്‍ക്കാരിനെ അട്ടിമറിക്കാനും, രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുമുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന ഉറച്ച വിശ്വാസവും ഞങ്ങള്‍ക്കുണ്ട്,’ ഗൗരവ് ഗൊഗോയ് പറഞ്ഞു.

Content Highlight: current issues are internal matters of shivasena, congress won’t interfere in it says gaurav gogoi