വിദേശയാത്ര പോകുന്നതിനു മുമ്പ് തന്നോട് പറയണമെന്ന് ബി.ജെ.പി മുഖ്യമന്ത്രിമാരോട് നരേന്ദ്രമോദി
national news
വിദേശയാത്ര പോകുന്നതിനു മുമ്പ് തന്നോട് പറയണമെന്ന് ബി.ജെ.പി മുഖ്യമന്ത്രിമാരോട് നരേന്ദ്രമോദി
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 2:26 pm

ന്യൂദല്‍ഹി: വിദേശയാത്ര പോകുമ്പോള്‍ തന്നോട് പറയണമെന്ന് ബി.ജെ.പി മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയില്‍ കഴിഞ്ഞമാസം നടന്ന ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്.

ഭരണപരമായ കാര്യങ്ങളില്‍ ബന്ധുക്കള്‍ ഇടപെടുന്ന രീതി ഒഴിവാക്കണമെന്നും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ ഇത്തരം പരിഗണനകള്‍ പാടില്ലെന്നും മോദി നിര്‍ദേശിച്ചു.

“അധികാരത്തിലിരിക്കുന്ന സമയത്ത് ബന്ധുക്കള്‍ സഹായാഭ്യര്‍ത്ഥനയുമായി വരും. അവരെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യ രാഷ്ട്രീയത്തിനെതിരായ നമ്മളുടെ രാഷ്ട്രീയ ആക്രമണത്തിന്റെ പ്രഹരശേഷി കുറയും.” മോദി പറഞ്ഞതായി ബി.ജെ.പി നേതാക്കള്‍ പറയുന്നു.

Also Read:പൃഥ്വിരാജിന് വേണ്ടി അന്ന് നിലകൊണ്ടത് മമ്മൂട്ടിയാണ്: മല്ലിക സുകുമാരന്‍

രണ്ടുദശാബ്ദം മുമ്പ് മധ്യപ്രദേശിലുണ്ടായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പരാജയം മോദി ഉദാഹരണമായി ചൂണ്ടിക്കാട്ടിയെന്നും ഇവര്‍ പറയുന്നു. “ആ തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നം നേതാക്കന്മാര്‍ ബന്ധുക്കള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതായിരുന്നു.”

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മുഖ്യമന്ത്രിമാര്‍ക്ക് മോദി ഈ ഉപദേശം നല്‍കിയിരിക്കുന്നത്. ബന്ധുക്കള്‍ക്ക് സീറ്റ് ആവശ്യപ്പെട്ട് രണ്ട് ഡസനോളം ബി.ജെ.പി നേതാക്കള്‍ ഇതിനകം സമീപിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.