പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത; ലീഗിന്റെ ലീഡ് ഹരജി ഉള്‍പ്പെടെ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
national news
പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത; ലീഗിന്റെ ലീഡ് ഹരജി ഉള്‍പ്പെടെ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th September 2022, 11:29 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള
ഹരജികള്‍ ഉള്‍പ്പെടെ 200ഓളം പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായ സി.എ.എയുടെ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.

സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ അനുസരിച്ച് സി.എ.എക്കെതിരായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ലീഡ് ഹരജി ഉള്‍പ്പെടെയുള്ള ഹരജികളില്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടും അടങ്ങുന്ന ബെഞ്ച് വാദം കേള്‍ക്കും. ഇതുകൂടാതെ ഏതാനും വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പൊതുതാല്‍പര്യ ഹരജികളും തിങ്കളാഴ്ച പരിഗണിക്കും.

എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹരജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹരജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ 2019 ഡിസംബര്‍ 18ന് വിഷയത്തില്‍ വ്യക്തത നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

അതേസമയം, കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങള്‍ ഒഴികെയുള്ള
ഹിന്ദു, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ഭേദഗതി നിയമമാണ് സി.എ.എ.

കൊവിഡ് വാക്‌സിനേഷന്റ മൂന്നാം ഡോസ് പൂര്‍ത്തിയാകുന്നതനുസരിച്ച് സി.എ.എയുമായി മുന്നോട്ട് പോകാനാണ് പാര്‍ലമെന്റില്‍വെച്ച് നടന്ന കൂടികാഴ്ചയില്‍ തീരുമാനമായത്. നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ദീര്‍ഘകാലമായി തീരുമാനമാകാതെ കിടക്കുകയായിരുന്നു സി.എ.എ.

2019 ഡിസംബര്‍ 11 നായിരുന്നു പാര്‍ലമെന്റ് സി.എ.എ പാസാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്നും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമം സംബന്ധിച്ച ചട്ടങ്ങളൊന്നും തന്നെ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല.