തിരുവനന്തപുരത്ത് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Crime
തിരുവനന്തപുരത്ത് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 9:55 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ വേങ്ങോട് വെച്ച് വീട്ടില്‍ കയറിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമികള്‍ വെട്ടിയത്.

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവെ സി.പി.ഐ.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. മംഗലപുരം പഞ്ചായത്തംഗം അയനാണ് വെട്ടേറ്റത്. ഇയാളെ ആറ്റിങ്ങലിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസുകാരുടെ അടിയേറ്റ് പരിക്കേറ്റ ഒരു സി.പി.ഐ.എം പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമണ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. തിരുവനന്തപുരത്ത് തരൂരിനു വേണ്ടി എ.കെ ആന്റണി നടത്തിയ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

കല്ലേറില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് പരിക്കേറ്റു. രമ്യ സഞ്ചരിച്ച വാഹനത്തിനു നേരെയാണു കല്ലേറുണ്ടായത്. രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരുനാഗപ്പള്ളിയില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ക്കും എസി.പിയ്ക്കും സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആര്‍ വസന്തനും പരുക്കുപറ്റി.തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് നടന്ന എല്‍ഡിഎഫ് പ്രകടനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

എറണാകുളം പാലാരിവട്ടത്ത് സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

പൊന്നാനിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊന്നാനി കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പൊലീസ് അനുമതി നിഷേധിക്കുകയും എന്നാല്‍ ഇവിടേക്ക് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എത്തിയതാണു സംഘര്‍ഷത്തിനിടയാക്കിയത്. ഇതില്‍ കല്‍പ്പകഞ്ചേരി എസ്.ഐ പ്രിയനു പരിക്കേറ്റു.

കോഴിക്കോട് വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണു സംഘര്‍ഷത്തിനു കാരണമായത്. സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടുക്കിയില്‍ തൊടുപുഴയിലും നെടുങ്കണ്ടത്തും സംഘര്‍ഷമുണ്ടായി.