| Saturday, 28th January 2012, 12:08 pm

മുസ്‌ലീം സംവരണം: ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്, റദ്ദാക്കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മുസ്‌ലീംകള്‍ക്കും, അതി ദളിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ നവ ഉത്തര്‍പ്രദേശ് 2020 കോണ്‍ഗ്രസ് പാര്‍ട്ടി വിഷന്‍  എന്ന രേഖയിലാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കി. പ്രകടന പത്രിക കമ്മിറ്റിയുടെ ചെയര്‍മാനും, കേന്ദ്ര നിയമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദാണ് ഈ രേഖ പുറത്തിറക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളാണ് ഇതില്‍ പറഞ്ഞിരിക്കുന്നത് എന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയല്ല ഇതെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും, മറ്റ് പിന്നോക്കവിഭാഗക്കാര്‍ക്കും പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുകയെന്നതാണ് പാര്‍ട്ടിയുടെ മറ്റ് ലക്ഷ്യങ്ങള്‍. ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറി താമസിക്കുന്നത് ഒഴിവാക്കാനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്കായി 20 ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ഭൂമി കയ്യേറ്റം തടയാനായി പുതിയ നിയമം കൊണ്ടുവരും. ബി.ജെ.പി, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നീ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്നും ഈ രേഖയിലൂടെ കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നു.

അതിനിടെ, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള 27% സംവരണത്തില്‍ നാലര ശതമാനം മുസ് ലീംകള്‍ക്ക് നീക്കിവെക്കുന്നതിനെ എതിര്‍ക്കുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ പറയുന്നു. വിവിധ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ആവര്‍ത്തിക്കുന്നുണ്ട്.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more