ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിനാവില്ല: എം.എ. ബേബി
Kerala News
ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിനാവില്ല: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 11:55 pm

കോഴിക്കോട്: ബി.ജെ.പിക്ക് ബദലോ വെല്ലുവിളിയോ ആവാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. തീവ്രമായ വര്‍ഗീയ ധ്രുവീകരണം, മാധ്യമങ്ങളുടെ വലിയ വിഭാഗങ്ങള്‍ക്കുമേലുള്ള നിയന്ത്രണം, അപാരമായ പണശക്തി എന്നിവയിലൂടെയാണ് യു.പിയില്‍ ബി.ജെ.പി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സര്‍ക്കാര്‍ നിലനിര്‍ത്തിയതെന്ന് എം.എ. ബേബി പറഞ്ഞു.

ഹിന്ദുത്വ-കോര്‍പ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങള്‍ക്കും വളരുന്ന സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തില്‍ പുതിയ തന്ത്രങ്ങള്‍ വികസിപ്പിക്കുകയും തങ്ങളുടെ ശ്രമങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ അവസരത്തില്‍ നമ്മള്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി ജയിച്ചു.

യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു. ഗോവയിലും മണിപ്പൂരിലും ഭരണമുറപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലെത്തി. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കണ്ടത്.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും ബി.ജെ.പിക്ക് ഉണ്ടായ വിജയം എല്ലാ ജനാധിപത്യ വാദികളെയും ദുഖിപ്പിക്കുന്ന കാര്യം ആണ്. നമ്മുടെ രാജ്യം നേരിടുന്ന വര്‍ഗീയ വെല്ലുവിളി അവസാനിക്കുന്നില്ല എന്നത് വരും കാലത്ത് ഭീഷണിയാകാന്‍ പോവുകയാണ്.
കോണ്‍ഗ്രസിന് ബി.ജെ.പിക്ക് ബദലാകാന്‍ കഴിയില്ല, ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ ആവില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ഒരു കോണ്‍ഗ്രസിതര പ്രതിപക്ഷ സാധ്യത ഉണ്ടായിരുന്ന പഞ്ചാബില്‍ ജനങ്ങള്‍ സര്‍വാത്മനാ അതിനെ സ്വീകരിച്ചു.

തീവ്രമായ വര്‍ഗീയ ധ്രുവീകരണം, മാധ്യമങ്ങളുടെ വലിയ വിഭാഗങ്ങള്‍ക്കുമേലുള്ള നിയന്ത്രണം, അപാരമായ പണശക്തി എന്നിവയിലൂടെയാണ് യു.പിയില്‍ ബി.ജെ.പി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സര്‍ക്കാര്‍ നിലനിര്‍ത്തിയത്.

ജനങ്ങള്‍ നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും, സൗജന്യ ഭക്ഷ്യധാന്യ വിതരണം പോലുള്ള ആശ്വാസ നടപടികള്‍ ഇവിടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചു.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായ ആധിപത്യത്തെയാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഹിന്ദുത്വ-കോര്‍പ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങള്‍ക്കും വളരുന്ന സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തില്‍ പുതിയ തന്ത്രങ്ങള്‍ വികസിപ്പിക്കുകയും തങ്ങളുടെ ശ്രമങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ അവസരത്തില്‍ നമ്മള്‍ എടുക്കേണ്ട പ്രതിജ്ഞ


Content Highlight: Congress will not be able to challenge BJP said MA Baby