ദേവഗൗഡയ്‌ക്കെതിരെ നോമിനേഷന്‍ നല്‍കി കോണ്‍ഗ്രസ് സിറ്റിങ് എം.പി
D' Election 2019
ദേവഗൗഡയ്‌ക്കെതിരെ നോമിനേഷന്‍ നല്‍കി കോണ്‍ഗ്രസ് സിറ്റിങ് എം.പി
ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 5:25 pm

കര്‍ണാടക: കര്‍ണാടകയില്‍ ജെ.ഡി.എസ് അധ്യക്ഷന്‍ മത്സരിക്കുന്ന തുംക്കൂരില്‍ സഖ്യ ധാരണകള്‍ തെറ്റിച്ച് കൊണ്ട് കോണ്‍ഗ്രസ് സിറ്റിങ് എം.പി നോമിനേഷന്‍ നല്‍കി. എസ്.പി മുദ്ദഹനുമേഗൗഡയാണ് നോമിനേഷന്‍ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എയായ കെ.എന്‍ രാജണ്ണയും നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീറ്റ് ചര്‍ച്ചകള്‍ പ്രകാരം 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇരുപതിടത്ത് കോണ്‍ഗ്രസും 8 സ്ഥലത്ത് ജനതാദളുമാണ് മത്സരിക്കുന്നത്. തുംക്കൂര്‍ സീറ്റ് ദേവഗൗഡയ്ക്ക് മത്സരിക്കാനായി വിട്ടുകൊടുത്തതായിരുന്നു.

മുന്നണി മര്യാദ പാലിച്ച് നോമിനേഷന്‍ നല്‍കിയതില്‍ നിന്നും പിന്മാറണമെന്നും ഹൈക്കമാന്‍ഡ് തീരുമാനപ്രകാരമാണ് സീറ്റ് വിട്ടു നല്‍കിയതെന്നും മുദ്ദഹനുമേഗൗഡയോട് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര ആവശ്യപ്പെട്ടിരുന്നു. ഇത് കേള്‍ക്കാതെയാണ് സിറ്റിങ് എം.പിയായിരുന്ന മുദ്ദഹനുമേഗൗഡ വിമതനായിരിക്കുന്നത്.

ദേവഗൗഡ തുംക്കൂരിന് പകരം ബംഗളൂരു നോര്‍ത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് വിമത കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍ പിന്തുണയ്ക്കാമെന്നാണ് നിലപാട്.

മത്സരിക്കുന്നതിനായി ദേവഗൗഡ ഇന്ന് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നു. ഹാസനില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന ദേവഗൗഡ ചെറുമകന് പ്രജ്വല്‍ ദേവണ്ണയ്ക്ക് വേണ്ടി സീറ്റൊഴിഞ്ഞ് കൊടുക്കുകയായിരുന്നു. ജെ.ഡി.എസിന് സ്വാധീനമുള്ള ബംഗളൂരു റൂറല്‍, മൈസൂര്‍ മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് തയ്യാറാകാതെ വന്നതോടെയാണ് തുംക്കൂരില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്.