എഡിറ്റര്‍
എഡിറ്റര്‍
സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഹിന്ദുക്കളുടെ രജിസ്റ്റര്‍; വിവാദത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് തെളിവ് നിരത്തി കോണ്‍ഗ്രസ്
എഡിറ്റര്‍
Wednesday 29th November 2017 8:32pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍. സോംനാഥ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി അഹിന്ദുക്കള്‍ പേരും ഒപ്പുമിടുന്ന രജിസ്റ്ററിലാണ് രാഹുല്‍ ഒപ്പിട്ടതെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. എന്നാല്‍ സംഭവം നിഷേധിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.

രാഹുല്‍ ഗാന്ധി അഹിന്ദുക്കളുടെ രജിസ്റ്റര്‍ പേരെഴുതി ഒപ്പിട്ടെന്നത് വ്യാജ പ്രചരണമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പിയാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തില്‍ തെളിവുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് സംഘപരിവാറിന് മറുപടി നല്‍കിയിരിക്കുന്നത്. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയിട്ടുണ്ട്.

‘സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പേരെഴുതി ചേര്‍ത്തത് ഒരു രജിസ്റ്ററില്‍ മാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.’ എന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വീറ്ററില്‍ നിന്നുമുള്ള ട്വീറ്റ്. പിന്നാലെ പത്രസമ്മേളനത്തിലും കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തി.


Also Read: ‘ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, വായ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിത്’; അയ്യപ്പനെ കുറിച്ചുള്ള പോസ്റ്റിനെതിരെ മതനിന്ദയ്ക്ക് കേസെടുത്ത് സൈബര്‍ സെല്‍; പ്രതിരോധിക്കുമെന്ന് ട്രോള്‍ റിപ്പബ്ലിക്ക് അഡ്മിന്‍സ്


സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേര് രാഹുല്‍ ഗാന്ധി ജീ എന്നാണുള്ളത്. സ്വയം രാഹുല്‍ എന്തിനാണ് ജീയെന്ന് വിളിക്കുന്നത്. എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ദീപേന്ദ്ര ഹൂഡയുടെ പ്രതികരണം. അതേസമയം, രാഹുല്‍ വെറും ഹിന്ദുമാത്രമല്ല, ജാനുവേ ധാരി ഹിന്ദുവാണെന്നും അതുകൊണ്ട് ബി.ജെ.പി ഇത്രയും തരംതാഴാന്‍ പാടില്ലെന്നുമായിരുന്നു ആര്‍.എസ് സുര്‍ജേവാലയുടെ പ്രതികരണം.

അതേസമയം, വിവാദങ്ങള്‍ക്ക് കാരണമായത് രാഹുലിന്റെ പേരെഴുതിയത് അഹമ്മദ് പട്ടേലിന്റെ പേരിനൊപ്പമായതു കൊണ്ടാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഹമ്മദ് പട്ടേലിന്‍െ ഒപ്പം പേരെഴുതി ചേര്‍ത്തതുകൊണ്ടാണ് രാഹുലിന്റെ പേരും അഹിന്ദുക്കളുടെ രജിസ്റ്ററില്‍ വന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലേത് രാഹുലിന്റെ ഒപ്പല്ലെന്നും യഥാര്‍ത്ഥ രജിസ്റ്ററിലെ ഒപ്പ് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Advertisement