കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അഖിലേഷ്; 'ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് പകരം പാര്‍ട്ടിയെ വളര്‍ത്താന്‍ നോക്കുന്നു'
national news
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അഖിലേഷ്; 'ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് പകരം പാര്‍ട്ടിയെ വളര്‍ത്താന്‍ നോക്കുന്നു'
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 11:06 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തനിച്ച് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.

എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ്. ആ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നില്ല. രണ്ട് സീറ്റ് അവര്‍ക്ക് നീക്കി വെച്ചിട്ടുണ്ട്.

എന്നാല്‍ പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതുവഴി സജീവമായി മല്‍സരത്തില്‍ ഏര്‍പ്പെടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമേ ഉതകൂ. ചിലരുടെ താല്‍പര്യം പാര്‍ട്ടി വളര്‍ത്തുകയെന്നതാണെന്നും അഖിലേഷ് പറഞ്ഞു.


ശിവഗിരിയില്‍ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രമനുസരിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം


ദി വയര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കോണ്‍ഗ്രസിനെതിരെ അഖിലേഷ് രംഗത്തെത്തിയത്. പ്രിയങ്കാഗാന്ധിയെയും ജോതിരാദിത്യ സിന്ധ്യയേയും യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചതിന് ശേഷം ഇതാദ്യമായാണ് ഇക്കാര്യത്തില്‍ അഖിലേഷ് യാദവ് പ്രതികരിക്കുന്നത്.

കോണ്‍ഗ്രസിന് ഞങ്ങള്‍ രണ്ട് സീറ്റ് നീക്കി വെച്ചിട്ടുണ്ട്. യു.പിയില്‍ ആകെ 80 സീറ്റാണ് ഉള്ളത്. അതിനേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമായിരുന്നു.

2017 ല്‍ യു.പിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് തെറ്റായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും ഇപ്പോഴും ആ സഖ്യം ഒപ്പമുണ്ടെന്നും അതുകൊണ്ടാണ് അവര്‍ക്ക് രണ്ട് സീറ്റ് നല്‍കിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

മമത ബാനര്‍ജി പ്രതിപക്ഷ ഐക്യറാലി സംഘടിപ്പിച്ചപ്പോള്‍ ഞങ്ങളെല്ലാവരും അതിന്റെ ഭാഗമായി. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യ കക്ഷികളാണ് മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ബംഗാളില്‍ അത് മമതാ ബാനര്‍ജിയാണ്.

യു.പിയില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെക്കാള്‍ ശേഷി എസ്.പി ബി.എസ്.പി സഖ്യത്തിനാണെന്നും അഖിലേഷ് പറഞ്ഞു.

ബംഗാളില്‍ മമതാ ബാനര്‍ജിയും, ആന്ധ്രയില്‍ ടി.ഡി.പിയും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ രാഷ്ട്രീയ സഖ്യങ്ങളും ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രിയങ്കയുടെ സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു അഖിലേഷിന്റെ മറുപടി. പുതിയ ആളുകള്‍ വരുമ്പോള്‍ മാത്രമേ രാജ്യത്തെ നിലവിലെ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാവുകയുള്ളൂവെന്നും അഖിലേഷ് പറഞ്ഞു.

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് താന്‍ ഒരു സോഷ്യലിസ്റ്റ് ആണെന്നും എങ്കിലും ആര്‍ക്കാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുകയെന്നത് ഭാഗ്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കുമെന്നുമായിരുന്നു അഖിലേഷിന്റെ മറുപടി.

യു.പിയില്‍ നിന്നുള്ള ഒരാള്‍ പ്രധാനമന്ത്രിയാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ താനുണ്ടാവില്ലെന്നും അഖിലേഷ് പറഞ്ഞു. ബി.ജെ.പിക്ക് അകത്ത് തന്നെ പുതിയ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു.