കൊല്ലത്ത് ബി.ജെ.പിയുടെ കെ റെയില്‍ പ്രതിഷേധ വേദിയില്‍ കോണ്‍ഗ്രസ് നേതാവ്; കോഴിക്കോട് ലീഗ് നേതാവും വേദി പങ്കിട്ടു
Kerala News
കൊല്ലത്ത് ബി.ജെ.പിയുടെ കെ റെയില്‍ പ്രതിഷേധ വേദിയില്‍ കോണ്‍ഗ്രസ് നേതാവ്; കോഴിക്കോട് ലീഗ് നേതാവും വേദി പങ്കിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2022, 4:37 pm

കോഴിക്കോട്: കെ റെയില്‍ പദ്ധതിക്കെതിരെ കോഴിക്കോടും കൊല്ലത്തും നടന്ന വ്യത്യസ്ത ബി.ജെ.പി പരിപാടികളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍. കൊല്ലത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പങ്കെടുത്ത സെമിനാറില്‍ കെ.പി.സി.സി മുന്‍ സെക്രട്ടറി സൈമണ്‍ അലക്സ് ആണ് പങ്കെടുത്തത്.

കോഴിക്കോട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ നയിച്ച ജാഥയില്‍ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് ടി.ടി. ഇസ്മയിലാണ് പങ്കെടുത്തത്.

ജില്ലാ പ്രസിഡന്റ് പൊന്നാടയിണിച്ചാണ് വേദിയിലെത്തിയ ഇസ്മയിലിനെ സ്വീകരിച്ചത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, പ്രകാശ്ബാബു തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം, സമരങ്ങളില്‍ ബി.ജെ.പിക്കൊപ്പം സഹകരിക്കുന്ന കോണ്‍ഗ്രസ് സി.പി.ഐ.എം സെമിനാറുകളില്‍ നിന്ന് നേതാക്കളെ വിലക്കുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ബി.ജെ.പി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം വിലക്കി? സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും റിയാസ് ചോദിച്ചു.

സി.പി.ഐ.എം സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്.അപ്പോള്‍ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോണ്‍ഗ്രസ് എന്താണ് ഉന്നം വെക്കുന്നതെന്നും റിയാസ് പറഞ്ഞു.

CONTENTENT HIGHLIGHTS:  Congress- Muslim League leaders take part in various BJP rallies in Kozhikode and Kollam against the K Rail project