സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍; താത്പര്യം അറിയിച്ച് സുധാകരനും മുരളീധരനും അടൂര്‍ പ്രകാശും
Kerala
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍; താത്പര്യം അറിയിച്ച് സുധാകരനും മുരളീധരനും അടൂര്‍ പ്രകാശും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th September 2020, 1:00 pm

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് എം.പിമാര്‍.

കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ തുടങ്ങിയവരാണ് കേരളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് കെ. സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് താത്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. കെ. മുരളീധരനും അടൂര്‍ പ്രകാശും ഇതേ കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായാണ് അറിയുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടണമെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലേക്ക് മടങ്ങിയെത്തണമെന്ന് കെ.വി തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത് കേന്ദ്രനേതൃത്വം ഗൗരവമായി പരിഗണിക്കുമെന്നാണ് അറിയുന്നത്. അതേസമയം, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താന്‍ പി കെ കുഞ്ഞാലിക്കുട്ടി എം.പി തയ്യാറെടുക്കുന്നതിന് പിന്നാലെയാണ് മറ്റ് മൂന്ന് എം.പിമാര്‍ കൂടി എത്തുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല മുസ്‌ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരുന്നു.

നിലവില്‍ കെ. മുരളീധരന്‍ വട്ടിയൂര്‍കാവിലും അടൂര്‍ പ്രകാശ് കോന്നിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം ഇല്ലാഞ്ഞിട്ടും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമായിരുന്നു സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതുകൊണ്ട് തന്നെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള അവസരം തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടാല്‍ ഹൈക്കമാന്‍ഡ് അത് നിരാകരിക്കില്ലെന്നാണ് സൂചന. അടൂര്‍ പ്രകാശിന്റേയും കെ. മുരളീധരന്റേയും കാര്യത്തില്‍ സമാനമായ നിലപാട് തന്നെ കേന്ദ്രനേതൃത്വം സ്വീകരിച്ചേക്കും.

എം.പിമാര്‍ ഒഴിയുന്ന മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാലും അവിടെ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും കോണ്‍ഗ്രസിന് തന്നെ സീറ്റുകളില്‍ തിരികെയത്താനുള്ള സാഹചര്യം ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വത്തെ നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു സംസ്ഥാനത്ത് കൂടി ഭരണം പിടിക്കുക എന്നത് ഈ ഘട്ടത്തില്‍ പ്രധാനമാണ്. മാത്രമല്ല കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ മണ്ഡലം ഉള്‍പ്പെടുന്ന കേരളത്തില്‍ ഭരണം തിരിച്ചുപിടിച്ചാല്‍ അത് വലിയ രീതിയിലുള്ള നേട്ടമായി പിന്നീട് മാറുമെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടിയിട്ടുണ്ട്.

ബീഹാറില്‍ ശക്തമായ സാന്നിധ്യമായി മാറുക, ബംഗാളില്‍ ഇടതിനൊപ്പം ചേര്‍ന്ന് കൂടുതല്‍ സീറ്റ് നേടുക. കേരളത്തിലും അസമിലും ഭരണം തിരിച്ചുപിടിക്കുക, തമിഴ്‌നാടില്‍ മികച്ച പോരാട്ടം കാഴ്ചവെക്കുക എന്നിങ്ങനെയുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ആവിഷ്‌ക്കരിക്കുന്നത്.

സംസ്ഥാനങ്ങളില്‍ കൂടുതല്‍ ആധിപത്യം ഉണ്ടായാല്‍ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രനേതൃത്വം അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ എം.പിമാര്‍ ഉയര്‍ത്തുന്ന ആവശ്യം കേന്ദ്രനേതൃത്വം തള്ളില്ലെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; Congress MPs Sudhakaran, Muraleedharan and Adoor Prakash return to state politics