ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി; ബി.ജെ.പിക്കായി വോട്ടും തേടി
Punjab Assembly Polls 2022
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി; ബി.ജെ.പിക്കായി വോട്ടും തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2022, 7:57 am

പട്യാല: ആസന്നമായിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി. പരിപാടിയില്‍ പങ്കെടുക്കുക മാത്രമല്ല ബി.ജെ.പി സഖ്യസ്ഥാനാര്‍ത്ഥിക്കായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് എം.പിയുമായ പ്രനീത് കൗര്‍ ബി.ജെ.പി യോഗത്തില്‍ പങ്കെടുക്കുകയും അദ്ദേഹത്തിനായി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്.

പാര്‍ട്ടി വിട്ട് പുറത്ത് പോവുകയും, പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് തങ്ങള്‍ക്കെതിരെ മത്സരിക്കുന്ന അമരീന്ദറിന്റെ പരാജയം സംസ്ഥാനത്തെ കോണ്‍ഗ്രസ് ആഗ്രഹിക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പിയായ പ്രനീതിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവുന്നതെന്നും ശ്രദ്ധേയമാണ്.

Former Punjab CM Amarinder Singh and Congress MP Preneet Kaur

മുഖ്യമന്ത്രി പദം ഉപേക്ഷിക്കേണ്ടി വന്നതിന് പിന്നാലെയാണ് അമരീന്ദര്‍ പാര്‍ട്ടിയുമായി പിണങ്ങിയതും പുതിയ പാര്‍ട്ടി ഉണ്ടാക്കിയതും. കോണ്‍ഗ്രസ് വിടുമ്പോള്‍ ഒരിക്കലും ബി.ജെ.പിയുമായി കൈകോര്‍ക്കില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ അമരീന്ദര്‍, പിന്നീട് ബി.ജെ.പിക്കൊപ്പം സഖ്യം ചേരുന്ന കാഴ്ചയാണ് പഞ്ചാബില്‍ കണ്ടത്.

കര്‍ഷക സമരത്തെ തുടര്‍ന്ന് മുന്നണിയില്‍ നിന്നും പുറത്തു പോയ ശിരോമണി അകാലി ദളിന്റെ കുറവ് അമരീന്ദറിലൂടെ പരിഹരിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. നിലവില്‍ പഞ്ചാബില്‍ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയാണ് അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പി.എല്‍.സി).

ബി.ജെ.പിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത് തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായയുടെ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുമ്പോഴാണ് മണ്ഡലത്തിലെ എം.പി തന്നെ ബി.ജെ.പിയുടെ ജയത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

Family above everything: Cong MP Preneet Kaur says in support of husband  Capt Amarinder | Deccan Herald

പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ കൗര്‍, പട്യാല അര്‍ബന്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കായി മത്സരിക്കുന്ന ഭര്‍ത്താവ് അമരീന്ദറിനായി ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചത്. ഇതിന് പിന്നാലെ കൗറും മറുകണ്ടം ചാടുമോ എന്ന സംശയത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് ഏല്‍പിക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് പട്യാല അര്‍ബന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തനിക്കായി പ്രചരണത്തിനിറങ്ങാനോ, അതിന് പറ്റില്ലെങ്കില്‍ എം.പി സ്ഥാനം രാജിവെച്ച് പുറത്ത് പോവാനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തനിക്ക് വലുത് തന്റെ കുടുംബമാണെന്നും, കുടുംബത്തിന് വേണ്ടി മാത്രമേ താന്‍ നിലകൊള്ളുകയുള്ളൂ എന്നായിരുന്നു കൗറിന്റെ മറുപടി. പാര്‍ട്ടിയില്‍ നിന്നും അമരീന്ദര്‍ രാജി വെച്ചതിന് പിന്നാലെ കൗറും ഇത്തരത്തിലുള്ള നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

കൗറിന്റെ ഇത്തരം ‘പാര്‍ട്ടി വിരുദ്ധ’ നടപടികളില്‍ കോണ്‍ഗ്രസ് നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 20നാണ് പഞ്ചാബിലെ 117 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചരണത്തില്‍ മുന്നില്‍ തന്നെയാണ്.

അതേസമയം, പി.സി.സി അധ്യക്ഷന്‍ സിദ്ദുവിന് സ്വന്തം മണ്ഡലത്തില്‍ തിരിച്ചടി നല്‍കുമെന്നുറപ്പിച്ചാണ് ശിരോമണി അകാലി ദളിന്റെ ബിക്രം മജീതിയ കളത്തിലിറങ്ങിയിരിക്കുന്നത്.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight:  Congress MP Preneet Kaur attends BJP poll meet, seeks votes for husband Amarinder Singh in Punjab