എഡിറ്റര്‍
എഡിറ്റര്‍
അന്‍വര്‍ എം.എല്‍.എയുടെ ഡാമിന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണ; തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കെ.പി.സി.സിയ്ക്ക് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 29th August 2017 10:59am


മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലുള്ള പാര്‍ക്കിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. പാര്‍ക്കിന് അനുമതി ഉള്ളതിനാലാണ് തങ്ങള്‍ പിന്തുണച്ചതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും കോണ്‍ഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാര്‍ക്കിന് പഞ്ചായത്ത് നല്‍കിയ അനുമതി നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും എന്തെങ്കിലും വീഴ്ചയുള്ളതായി കെ.പി.സി.സി ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്താമെന്നും റിപ്പോര്‍ട്ടില്‍ പ്രാദേശിക നേതൃത്വം പറയുന്നു. നേരത്തെ പാര്‍ക് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന നിലപാടിലായിരുന്നു സംസ്ഥാന ജില്ലാ നേതൃത്വം. ഇതിനെ തള്ളിയാണ് പ്രാദേശിക ഘടകം രംഗത്തെത്തിയിരിക്കുന്നത്.


Also Read: ദിലീപിന് ജാമ്യമില്ല


എം.എല്‍.എയുടെ പാര്‍ക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് കോണ്‍ഗ്രസ് നിലപാടില്‍ ഉരുണ്ട് കളിക്കുന്നത്. പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അംഗങ്ങള്‍ നിലപാടെടുത്തിരുന്നു. എം.എല്‍.എയ്ക്ക് വിശദീകരണം നല്‍കാനും രേഖകള്‍ ഹാജരാക്കാനും സമയം നല്‍കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ടൗണ്‍ പ്ലാനര്‍ കൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു ചുമതല. ലൈസന്‍സില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കിന് പിന്നീട് താല്‍കാലിക ലൈസന്‍സ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നല്‍കിയത് വിവാദമായിരുന്നു

Advertisement