| Tuesday, 11th December 2012, 11:51 am

അടിയന്തരാവസ്ഥയ്‌ക്കെതിരെ പരാമര്‍ശം; മിഡ്‌നൈറ്റ് ചില്‍ഡ്രണിന് വിലക്ക്, രാജ്യം വീണ്ടും അടിന്തരാവസ്ഥയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ “മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍” എന്ന നോവലിനെ ആസ്പദമാക്കി ദീപ മേഹ്ത സംവിധാനം ചെയ്ത മിഡ്‌നൈറ്റ് ചില്‍ഡ്രണിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലചിത്രമേളയിലാണ് ദീപ മേഹ്തയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം ആദ്യമായാണ് ഒരു ഇന്ത്യന്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.[]

ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്ന വിദേശ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ചിത്രമെന്നും ദീപ മേഹ്തയും  ഇതില്‍ പങ്കാളിയായെന്നും നേതാക്കള്‍ ആരോപിക്കുന്നു.

ഗോവന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാത്ത ചിത്രം തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിച്ചത് തെറ്റാണെന്നും അക്കാദമിയിലെ ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നു.

ഇന്നലെ നിറഞ്ഞ സദ്ദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കാനിരുന്നിരുന്നു. ഇത് നേതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന കഥാപാത്രം ” ഇന്ത്യ ഭരിക്കാന്‍ എനിക്ക് അടിയന്തരാവസ്ഥ കൂടിയേ തീരൂ” എന്ന് പറയുന്നുണ്ട്. ഇതൊക്കെയാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

നോവലിലുള്ളത് അതേപടി പകര്‍ത്തലല്ല സംവിധായകയുടെ ജോലി: പന്തളം സുധാകരന്‍

നോവലിലുള്ളത് അതേപടി പകര്‍ത്തലല്ല സംവിധായകയുടെ ജോലിയെന്ന് മിഡ്‌നൈറ്റ് ചില്‍ഡ്രണിനെ വിമര്‍ശിച്ച് പന്തളം സുധാകരന്‍ പറഞ്ഞു. ഇതില്‍ കുറ്റം സല്‍മാന്‍ റുഷ്ദിയുടേതല്ലെന്നും ദീപ മേഹ്തയുടേതാണെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ധിരാഗാന്ധിയെ പോലെ ഇത്രയേറെ വിമര്‍ശനങ്ങളും പുകഴ്ത്തലുകളും ആഗോളതലത്തില്‍ കേട്ട മറ്റൊരു നേതാവും ഉണ്ടാകില്ലെന്നും അവരെ മോശമായി ചിത്രീകരിച്ചത് തെറ്റായിപ്പോയെന്നും സുധാകരന്‍ പറഞ്ഞു.

മേളയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന സമിതിയുടെ ഉത്തരവാദിത്വമാണ് ഏതൊക്കെ ചിത്രങ്ങള്‍ സിലക്ട് ചെയ്യണെമെന്നത്. അവര്‍ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ജനങ്ങള്‍ കാണുന്നത്. ഇത് ചിലരുടെ രാഷ്ട്രീയ താത്പര്യത്തിന്റെ ഫലമായാണെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി: സുവീരന്‍

മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍ വിലക്കിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും കോണ്‍ഗ്രസായെന്ന് പ്രശ്‌സ്ത സംവിധായകന്‍ സുവീരന്‍. ഇന്ത്യയ്ക്ക് പുറത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രമാണ് മിഡ്‌നൈറ്റ് ചില്‍ഡ്രണെന്നും സുവീരന്‍ പറഞ്ഞു.

ഇന്നലെ തനിക്ക് ചിത്രം കാണാന്‍ സാധിച്ചിരുന്നില്ല, ഇന്ന് പ്രദര്‍ശനമുണ്ടെന്നറിഞ്ഞ് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് നിരോധിച്ച വിവരം അറിയുന്നത്. ഇന്ധിരാ ഗാന്ധിയെ മാത്രമല്ല മഹാത്മ ഗാന്ധിയെ വരെ വിമര്‍ശിക്കാനുള്ള അവകാശം കലാകാരന്മാര്‍ക്കുണ്ട്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് അല്‍പ്പം മെച്ചപ്പെട്ടെന്നായിരുന്നു താന്‍ തെറ്റിദ്ധരിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസായെന്നും സുവീരന്‍ പറഞ്ഞു.

അതേസമയം, മേളയില്‍ നിന്ന് ചിത്രം ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ലെന്നും ഇത്തരം വിവാദങ്ങള്‍ മേളയുടെ നിറം കെടുത്തുമെന്നും അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തില്‍ സ്ഥലപരിമിധി മൂലം തറയിലിരുന്നാണ് പ്രിയദര്‍ശനും മന്ത്രി ഗണേഷ് കുമാറും ചിത്രം കണ്ടത്.

We use cookies to give you the best possible experience. Learn more