പള്ളികളില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് പറയുന്ന പിണറായിയുടെ പൊലീസ് ശശികലയുടെ പ്രസംഗം അമ്പലങ്ങളില്‍ പാടില്ലെന്ന് നോട്ടീസ് നല്‍കുമോ? വി.ടി. ബല്‍റാം
Kerala News
പള്ളികളില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് പറയുന്ന പിണറായിയുടെ പൊലീസ് ശശികലയുടെ പ്രസംഗം അമ്പലങ്ങളില്‍ പാടില്ലെന്ന് നോട്ടീസ് നല്‍കുമോ? വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2022, 9:36 am

മലപ്പുറം: വര്‍ഗീയ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തരുതെന്ന് മുസ്‌ലിം പള്ളികള്‍ക്ക് മാത്രം നോട്ടീസ് നല്‍കിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് എന്തിനാണെന്നും ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോയെന്നും വി.ടി. ബല്‍റാം ചോദിച്ചു.

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തെക്കുറിച്ച് മുസ്‌ലിം ആരാധനാലയങ്ങള്‍ ജുമാ നമസ്‌ക്കാരത്തിന് ശേഷം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പള്ളികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ കേരളത്തില്‍ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ബല്‍റാം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പി.സി. ജോര്‍ജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചര്‍ച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാമെന്ന് അദ്ദേഹം പറഞ്ഞു.

‘ജോര്‍ജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാര്‍ തന്നെയായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തെ സംഘാടകര്‍ ശരിവയ്ക്കുന്നു
നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങള്‍ക്കും വേദിയായത് ആരാധനാലയങ്ങള്‍ തന്നെയാണ്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി.പിന്നെന്തിനാണ് മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്?,’ വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Content HighlightS: Congress leader VT  Balram Singh has criticized the government for issuing notices only to mosques to prevent racist speeches