മറ്റുള്ളവരോട് കരുണ കാണിക്കാതെ 56 ഇഞ്ച് നെഞ്ചളവുണ്ടായിട്ടെന്ത് കാര്യം; ട്രംപിനു ക്യാംപെയ്ന്‍ ചെയ്യുന്ന മോദി കര്‍ണാടകയിലെ പ്രളയത്തില്‍ തിരിഞ്ഞുനോക്കിയില്ലെന്ന് സിദ്ധരാമയ്യ
national news
മറ്റുള്ളവരോട് കരുണ കാണിക്കാതെ 56 ഇഞ്ച് നെഞ്ചളവുണ്ടായിട്ടെന്ത് കാര്യം; ട്രംപിനു ക്യാംപെയ്ന്‍ ചെയ്യുന്ന മോദി കര്‍ണാടകയിലെ പ്രളയത്തില്‍ തിരിഞ്ഞുനോക്കിയില്ലെന്ന് സിദ്ധരാമയ്യ
ന്യൂസ് ഡെസ്‌ക്
Sunday, 13th October 2019, 7:39 pm

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ട്രംപിനു വേണ്ടി കാംപയിന്‍ ചെയ്യാന്‍ മോദിക്ക് സമയമുണ്ട്. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച കര്‍ണാടകയിലെ പ്രദേശങ്ങള്‍ വന്നു കാണാന്‍ സമയമില്ല എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ചിക്കമംഗലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായിരുന്ന അദ്ദേഹം ബി.ജെ.പിയെ ‘ഫാസിസ്റ്റ്’ എന്നും ‘സ്വേച്ഛാധിപത്യപരമായത്’ എന്നും വിശേഷിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്പീക്കറുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു.

‘ഇത്തവണ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം വെള്ളപ്പൊക്കമാണ് സംസ്ഥാനം കണ്ടത്. ചിലയിടങ്ങളില്‍ അത്യധികം വരള്‍ച്ചയും ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ 60 ദിവസം മാത്രമാണ് സഹായങ്ങള്‍ നല്‍കിയത്. അതായത് 1,200 കോടി മാത്രം. കര്‍ണാടകയ്ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്’അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ മോദിയ്ക്ക് കര്‍ണാടക വന്ന് സന്ദര്‍ശിക്കാന്‍ സമയമില്ല, പക്ഷെ അദ്ദേഹം വിദേശരാജ്യങ്ങളില്‍ പോകുന്നുണ്ട്. ട്രംപിന് വേണ്ടി കാംപയിന്‍ ചെയ്യാനും സമയമുണ്ട്’ സിദ്ധരാമയ്യ പറഞ്ഞു.

ബീഹാറില്‍ പ്രളയമുണ്ടായപ്പോള്‍ ഉടനെ തന്നെ അദ്ദേഹം അത് ട്വീറ്റ് ചെയ്തു. പക്ഷെ കര്‍ണാടകയുടെ കാര്യത്തില്‍ ഒരു സഹതാപം പോലും പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ നെഞ്ചളവ് 56 ഇഞ്ചാണ് എന്നാണ്. എന്നാല്‍ മറ്റുള്ളവരോട് കരുണ കാണിക്കാതെ എത്രവലിയ നെഞ്ചുണ്ടായിട്ടെന്താണ് എന്നും സിദ്ധരാമയ്യ ചോദിച്ചു.

സംസ്ഥാനത്തിന് കൃത്യമായ സഹായങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് കര്‍ണാടകയിലെ ബി.ജെ.പി എം.പിമാരെയും അദ്ദേഹം വിമര്‍ശിച്ചു.

ഉഡുപ്പി-ചിക്കമംഗലൂര്‍ എം.പി ശോഭാ കരന്ദ്‌ലാജെക്കെതിരെ പ്രതിഷേധിച്ചവര്‍ തന്നെ എങ്ങനെ അവരെ വീണ്ടും തെരഞ്ഞെടുത്തു എന്നും അദ്ദേഹം ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസംബ്ലിയിലെ നടപടിക്രമങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും ഫോട്ടോജേണലിസ്റ്റുകളെ നിയന്ത്രിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും സിദ്ധരാമയ്യ ആരോപിച്ചു.