ചെന്നിത്തലയുടെ ഇടപെടല്‍, ശരത്ചന്ദ്രപ്രസാദ് മത്സരത്തില്‍ നിന്ന് ഒഴിവായി; സുധാകരന് രണ്ടാമൂഴം
Kerala News
ചെന്നിത്തലയുടെ ഇടപെടല്‍, ശരത്ചന്ദ്രപ്രസാദ് മത്സരത്തില്‍ നിന്ന് ഒഴിവായി; സുധാകരന് രണ്ടാമൂഴം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2022, 5:12 pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്. സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുള്ള അമര്‍ഷം മൂലമാണ് ശരത് പത്രിക നല്‍കാനൊരുങ്ങിയത്. എന്നാല്‍ ജനറല്‍ ബോഡി യോഗത്തിന് മുമ്പ് രമേശ് ചെന്നിത്തല അനുനയിപ്പിച്ചതോടെ ശരത് പിന്മാറി.

പിന്നാലെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ എ.ഐ.സി.സി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി. മത്സരമില്ലാതെ കെ. സുധാകരനെ സമവായത്തിലൂടെ വീണ്ടും പ്രസിഡന്റാക്കാന്‍ ധാരണയിലെത്തിയ നേതൃത്വത്തെ അമ്പരിപ്പിച്ചായിരുന്നു ശരത്ചന്ദ്രപ്രസാദിന്റെ നീക്കം.

ജനറല്‍ ബോഡി യോഗത്തിന് മുമ്പ് അധ്യക്ഷസ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് ശരത് നേതാക്കളെ അറിയിച്ചു. ഐ ഗ്രൂപ്പ് നേതാവായ ശരത്തിനെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി നേതൃത്വം രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തി. ആദ്യം ചെന്നിത്തലയും പിന്നാലെ കെ. സുധാകരനും വി.ഡി. സതീശനുമടക്കമുള്ള നേതാക്കളും ശരത് ചന്ദ്രപ്രസാദുമായി സംസാരിച്ചു. അംഗത്വ പട്ടിക നിശ്ചയിക്കുന്നതിലടക്കം വീതം വെപ്പ് നടന്നുവെന്നാണ് ശരത്തിന്റെ പരാതി.

തരൂര്‍ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മനസാക്ഷിവോട്ട് ചെയ്യണമെന്ന കെ. സുധാകരന്റെ പ്രസ്താവനയിലും ശരത്തിന് അതൃപ്തിയുണ്ട്. പ്രശ്‌നങ്ങളും പരാതികളും പറഞ്ഞ് തീര്‍ക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കി.

ജോഡോ യാത്രക്കിടെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരം വന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് അറിയിച്ച നേതാക്കള്‍ ഒടുവില്‍ ശരത്തിനെ അനുനയിപ്പിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ശരത് അറിയിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീണ്ടുപോകുമായിരുന്നു.

അനുനയ ചര്‍ച്ചക്ക് ശേഷം ചെന്നിത്തല തന്നെയാണ് യോഗത്തില്‍ പുതിയ അധ്യക്ഷനെയും കെ.പി.സി.സി ഭാരവാഹികളെയും എ.ഐ.സി.സി അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്.

കെ. സുധാകരനെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തുള്ള തീരുമാനം ദേശീയ നേതൃത്വത്തില്‍ നിന്നും വൈകാതെ ഉണ്ടാകും. അംഗത്വ പട്ടിക പുറത്തുവിടാത്തതില്‍ പരാതികളൊന്നുമില്ലെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴാണ് സംഘടനയില്‍ അതൃപ്തി പുകയുന്നുണ്ടൈന്നതിന്റെ വ്യക്തമായ സൂചന ശരത്ചന്ദ്രപ്രസാദ് നല്‍കുന്നത്.

അതിനിടയില്‍ കെ.പി.സി.സി അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ ചില കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പ് മാനദണ്ഡമാക്കിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് എന്നാണ് പ്രധാന പരാതി. ഈ കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

Content Highlight: Congress Leader Sarath chandra prasad tried to contest for the post of KPCC President